വേട്ടക്കാരനെ ഇരയായി പ്രതിഷ്ഠിച്ച് വിചിത്ര ലിംഗനീതി നടപ്പാക്കുന്ന സര്‍ക്കാര്‍; ഇടതുപക്ഷത്തും ആശയകുഴപ്പം, പ്രതിഷേധം

മലയാള സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച മൊഴികളിൽ ഒരു നടപടിയും സ്വീകരിക്കാനാവില്ല എന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ വിമര്‍ശനം നിലനിൽക്കെയാണ് ഇടത് സഹയാത്രികനായി അറിയപ്പെടുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ വലിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്ന്, ഒട്ടും പ്രതീക്ഷിക്കാനാകാത്ത തരത്തിലുള്ള പരാതിയാണ് 14 വർഷത്തിന് ശേഷം ഉണ്ടായിരിക്കുന്നത്. എന്നാലതിനെ സാധൂകരിക്കുന്ന മറ്റ് പല സാക്ഷിമൊഴികളും പുറത്തുവന്നു കഴിഞ്ഞു. ഇതൊന്നും സർക്കാരിന് കണ്ടില്ലെന്ന് വയ്ക്കാനാവില്ലെന്നും ഔദ്യോഗിക സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ സർക്കാർ തീരുമാനം ഉണ്ടാകുമെന്നും പ്രതീക്ഷിച്ചിരിക്കെ ആണ് എല്ലാവരെയും ഞെട്ടിച്ച് സാംസ്കാരിക മന്ത്രിയുടെ പ്രതികരണം.

ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഇരകളുടെയോ വേട്ടക്കാരുടെയോ പേരുകളില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് നിയമനടപടിക്ക് സാധ്യതയില്ല എന്ന് തുടക്കം മുതൽ സർക്കാർ നിലപാട് എടുക്കുന്നത്. എന്നാലിവിടെ രഞ്ജിത്തിനെതിരെ ബംഗാളിലെ ഇടത് സഹയാത്രിക കൂടിയായ നടി ഗുരുതര ആരോപണം ഉന്നയിക്കുമ്പോഴും സർക്കാരിന് ഇളക്കമില്ല. ഇത്തരമൊരു പരാതി ചർച്ച ചെയ്യുമ്പോഴും രഞ്ജിത് രാജ്യംകണ്ട പ്രഗത്ഭൻ ആണെന്ന് പ്രഖ്യാപിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാന് തെല്ലും മടിയില്ല എന്നതാണ് ഞെട്ടിക്കുന്നത്. സർക്കാരും മന്ത്രിയും ആർക്കൊപ്പമാണ് എന്ന് വ്യക്തമാകാൻ ഇതിൽപ്പരം ഒന്നുംവേണ്ടെന്ന് പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു.

ALSO READ : തുടർച്ചയായി ലൈംഗിക വിവാദത്തിൽ പെടുന്ന രണ്ടാമത് അക്കാദമി അധ്യക്ഷൻ; രണ്ടിലും സംരക്ഷണമൊരുക്കി ഇടത് സർക്കാർ

പരാതി ലഭിച്ചാല്‍ അന്വേഷണം എന്ന് മാത്രമല്ല, കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം നടപടി എന്നുമാണ് സാംസ്‌കാരിക മന്ത്രി പറയുന്നത്. തനിക്ക് നേരിട്ട ദുരനുഭവം ശ്രീലേഖ മിത്ര എന്ന നടി തുറന്ന് പറഞ്ഞാല്‍ മാത്രംപോര, ബംഗാളില്‍ നിന്ന് കേരളത്തിലെത്തി കേസ് കൊടുത്ത് അത് തെളിയിക്കാനുള്ള ബാധ്യത കൂടി ഇരയ്ക്കുണ്ട് എന്നാണ് മന്ത്രിയുടെ വിശദീകരണം. അങ്ങനെ തെളിയിച്ചാല്‍ മാത്രം വേട്ടക്കാരനെതിരെ നടപടിയെടുക്കാം എന്നും മന്ത്രി ആവര്‍ത്തിച്ചു പറയുന്നു. പ്രതിസ്ഥാനത്തുള്ള ആളുടെ പ്രതിഭയെ ഉയർത്തിക്കാട്ടി അയാളുടെ സ്ത്രീവിരുദ്ധ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകും എന്ന ചോദ്യത്തിനും പ്രസക്തിയേ ഇല്ലാത്ത സാഹചര്യത്തിലേക്ക് ഇടത് സർക്കാർ ഓരംചേർന്ന് കഴിഞ്ഞുവെന്ന് വ്യക്തം.

ALSO READ :നടിയുടെ ആരോപണത്തില്‍ സർക്കാർ രഞ്ജിത്തിനൊപ്പം; കേരളത്തിലെത്തി പരാതി നൽകാനില്ലെന്ന് ശ്രീലേഖ മിത്ര

നടിയുടെ ആരോപണം തെറ്റാണെന്നും, താനാണ് ഇരയെന്നുമായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. ഇതിന് സമാനമാണ് മന്ത്രിയുടെ പ്രതികരണവും. ഇത്തരം വേട്ടക്കാരെയാണോ സര്‍ക്കാര്‍ ഇരയുടെ സ്ഥാനത്ത് കാണുന്നത് എന്ന ചോദ്യമാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉയരുന്നത്. അഥവാ ഇരയ്ക്കും വേട്ടക്കാരനും തുല്യനീതി എന്നതാണോ സർക്കാർ നിലപാടെന്നും ചോദ്യമുയരും. ചൂഷകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് ഇരക്കൊപ്പം എന്ന് വിളിച്ചു പറയുകയാണ് വനിതകള്‍ അടക്കമുള്ള മന്ത്രിമാര്‍. നിങ്ങൾ സർക്കാരിന് ഒപ്പമെങ്കിൽ ഏത് സ്ത്രീവിരുദ്ധതയും പ്രശ്നമല്ല എന്ന നിലയിലേക്ക് വിമർശനങ്ങൾ കൂടുതൽ ശക്തമാകാനേ സർക്കാരിൻ്റെ ഈ സമീപനം ഉപകരിക്കൂവെന്ന് വ്യക്തം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top