പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലം; നയിക്കാന്‍ കഴിയുന്നവര്‍ മാത്രംമതി; വിഭാഗീയത അനുവദിക്കില്ല; സിപിഎം സമ്മേളന നടത്തിപ്പ് രേഖ
പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമാണെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍. സമ്മേളന നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സമിതി അംഗീകരിച്ച രേഖയിലാണ് ഈ സുപ്രധാന വിലയിരുത്തല്‍. പല ബ്രാഞ്ച് കമ്മറ്റികളും നിര്‍ജീവമാണ്. കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ മേല്‍കമ്മറ്റികളുടെ ഇടപെടല്‍ ഫലപ്രദമായിട്ടില്ലെന്നും രേഖയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഇതില്‍ മാറ്റം ഈ സമ്മേളനത്തില്‍ തന്നെ കൊണ്ടുവരണം. പ്രവര്‍ത്തന മികവില്ലാത്ത ബ്രാഞ്ച് സെക്രട്ടറിമാരുണ്ട്. ഇവരെ ഒഴിവാക്കണം. നേതൃശേഷിയുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരണമെന്നും രേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോക്കല്‍ സെക്രട്ടറിമാരായി എത്തുന്നത് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവരാകണം. ജോലിയുള്ളവര്‍ എത്തുന്നത് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രം പരിഗണിച്ചാല്‍ മതി. സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവരും എല്‍സി സെക്രട്ടറി സ്ഥാനത്ത് എത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്തിട്ടില്ലെന്നതാണ് ഇതുവരെയുള്ള അനുഭവം. അതില്‍മാറ്റം അനിവാര്യമാണെന്നും രേഖയില്‍ നിര്‍ദ്ദേശമുണ്ട്. ഏരിയാ സെക്രട്ടറിമാരുടെ കാര്യത്തില്‍ ഇത് നിര്‍ബന്ധമായും പാലിക്കണം. ആറു മണിക്ക് ശേഷം പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ചമുതല നല്‍കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമ്മേളനങ്ങളില്‍ ഒരു തരത്തിലുള്ള വിഭാഗീയത അനുവദിക്കില്ലെന്ന സന്ദേശവും രേഖയിലുണ്ട്. വ്യക്തി വിദ്വേഷങ്ങള്‍ തീര്‍ക്കാനുളള വേദിയായി സമ്മേളനങ്ങള്‍ മാറ്റരുത്. തുരുത്തുകള്‍ സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നേരിടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങള്‍ വര്‍ഗീയ ശക്തികളുടെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കാതിരിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം. പാര്‍ട്ടി അണികളുടേയും അനുഭാവികളുടേയും മുഴുവന്‍ വിവരങ്ങളും ശേഖരിക്കണമെന്നും രേഖ ആവശ്യപ്പെടുന്നു.
സെപ്തംബര്‍ ഒന്നു മുതലാണ് ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സമ്മേളനങ്ങള്‍ക്ക് സിപിഎമ്മില്‍ തുടക്കമായത്. മുപ്പത്തി അയ്യായിരത്തോളം വരുന്ന ബ്രാഞ്ച് സമ്മേളനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കൊല്ലത്ത് ഫെബ്രുവരിയിലാണ് സംസ്ഥാന സമ്മേളനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here