പാർട്ടി അണികളുടെ മനോനിലയല്ല മറ്റുള്ളവർക്ക്; ആരോഗ്യ മന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയത് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിൽ ഗൂഡാലോചനയുണ്ടെങ്കിൽ പിന്നിൽ സിപിഎമ്മും എൽഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോപണത്തിന് പിന്നിൽ ചില വ്യക്തികളും മാധ്യമങ്ങളുമാണെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യപ്രതിയെന്ന് പോലീസ് പറയുന്ന അഖിൽ സജീവ് സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്നു. അഖിൽ നേരത്തെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലയിലെ സിപിഎം നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്ക് ഇപ്പോഴും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട്. അഖിൽ സജീവിന്റെ സംരക്ഷകർ ആരൊക്കെയാണ് എന്നതുകൂടി അന്വേഷിക്കണം. അപ്പോൾ ആരാണ് ഗൂഡാലോചന നടത്തിയതെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാർട്ടിയിലും മുന്നണിയിലുമൊക്കെ ഉൾപ്പെട്ടവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
യാഥാർത്ഥ്യങ്ങളൊക്കെ പൊതുസമൂഹത്തിന് മുന്നിൽ നിലനിൽക്കെയാണ് മുഖ്യമന്ത്രി പാർട്ടി അണികൾക്ക് മുന്നിൽ ഗൂഡാലോചന സിദ്ധാന്തം അവതരിപ്പിച്ചത്. യുക്തിരഹിതമായ കള്ളം പറഞ്ഞാലും കൈ അടിക്കുന്ന പാർട്ടി അണികളുടെ മനോനിലയല്ല ബഹുഭൂരിപക്ഷം വരുന്ന പൊതു സമൂഹത്തിൻ്റേതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here