‘സിപിഎമ്മിന്‍റെ പോഷക സംഘടനയല്ല ഡിവൈഎഫ്ഐ; സ്ഫോടനത്തെക്കുറിച്ച് അവരോട് തന്നെ ചോദിക്കു’; പാനൂര്‍ വിഷയത്തില്‍ മറുപടിയില്ലെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ ഡിവൈഎഫ്ഐക്ക് പങ്കുണ്ടെങ്കില്‍ അവരോട് തന്നെ ചോദിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന്‍റെ പോഷക സംഘടനയല്ല ഡിവൈഎഫ്ഐ. സിപിഎമ്മിന് അതില്‍ മറുപടിയില്ല. പാര്‍ട്ടിയിലെ ഇരുപതിലധികം നേതാക്കള്‍ മുന്‍പ് കൊല്ലപ്പെട്ടിട്ടും അതിനെതിരെ നടപടി സ്വീകരിച്ചിട്ടില്ല. ജനങ്ങളെ അണിനിരത്തുക മാത്രമാണ് ഞങ്ങളുടെ പരിപാടി. ഈ വിഷയം ഇതോടെ അവസാനിപ്പിക്കണമെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
“പാര്‍ട്ടി നേതാക്കളെ ഇങ്ങോട്ട് അക്രമിക്കുകയും കൊല്ലുകയും ചെയ്തിട്ടും അതിനെതിരെ നടപടിയെടുക്കാത്തവരാണ് സിപിഎമ്മുകാര്‍. പാര്‍ട്ടിക്ക് ബോംബ് ഉണ്ടാക്കേണ്ട കാര്യമില്ല. ഡിവൈഎഫ്ഐ എന്ന യുവജന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ഞങ്ങള്‍ക്ക് അങ്ങനൊരു പോഷക സംഘടനയില്ല. അത്തരം പോഷക സംഘടനകള്‍ കോണ്‍ഗ്രസിലാണുള്ളത്” എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം പാനൂർ സ്ഫോടനക്കേസില്‍ പ്രതികൾ ബോംബ് ഉണ്ടാക്കിയത് രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനാണെന്ന് റിമാന്‍ഡ് റിപ്പോർട്ട്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞ അമല്‍ ബാബു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോംബ് നിർമാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയവുമായോ ബന്ധമില്ലെന്ന സിപിഎം വാദത്തെ പൊളിക്കുന്നതാണ് പോലീസിന്റെ റിപ്പോർട്ട്. കേസിലെ ആറും ഏഴും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരായ സി.സായൂജ്, പി.വി.അമൽ ബാബു എന്നിവരുടെ റിമാന്‍റ് റിപ്പോർട്ടാണ് പുറത്തുവന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here