CPM എതിർത്തിട്ടില്ല; വിഴിഞ്ഞം തുറമുഖം എൽഡിഎഫിൻ്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: അതിവേഗത്തിൽ കേരളത്തിന്റെ വികസനം പൂര്‍ത്തികരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ലക്ഷ്യപ്രാപ്തിയുടെ വിജയമാണ് വിഴിഞ്ഞം തുറമുഖമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിന് വിഴിഞ്ഞം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതി, നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, ജലഗതാഗതം ഇതെല്ലാം ഇടത് ഭരണകാലത്ത് പൂര്‍ത്തികരിക്കപ്പെടുകയാണ് രാഷ്ട്രീയ രംഗത്തും തിരഞ്ഞെടുപ്പിലും മത്സരങ്ങളാവാം. എന്നാല്‍ കേരളത്തിന്റെ വികസനത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്ന് ജയരാജന്‍ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ചിലർ പറയുന്നു. കെ .കരുണാകരന്റെ പേര് വേണമന്ന് മറ്റ് ചിലർ പറയുന്നു. ഇന്ദിരാഗാന്ധിയുടെ പേര് ഇടണമെന്ന് പറയുന്നവരും ഉണ്ട്. അതൊക്കെ പേരിടുന്ന ഘട്ടത്തിൽ ആലോചിച്ചാൽ പേരെയെന്നും ജയരാജൻ ചോദിച്ചു.

വിഴിഞ്ഞം പദ്ധതി തുടങ്ങിയിട്ട് കുറെ വർഷമായി. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായിട്ടാണ് നിർമ്മാണത്തിൽ പുരോഗതി ഉണ്ടായത്. ഇടതുമുന്നണി വിവാദത്തിനില്ല. പദ്ധതിക്ക് സിപിഎം എതിരായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ സംരക്ഷണമാണ് അന്ന് ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്. അതിൻ്റെ ഗുണം ഉണ്ടായി. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി ഉദ്ഘാടനത്തിൻ്റെ തിളക്കം കുറയ്ക്കരുത്. തുറമുഖത്ത് കപ്പൽ അടുത്ത ശേഷം ഇതു പറയുന്നത് ദുർലക്ഷണമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

കേരളത്തിൻറെ സ്വന്തം പദ്ധതിയാണ് വിഴിഞ്ഞം. ഒരാളും ഇതിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്നും ഇന്നും നാളെയും എൽഡിഎഫിൻറെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി ഉദ്ഘാടനത്തിന്റെ സന്തോഷത്തിൽ എല്ലാവരും പങ്കാളികൾ ആകണം. മിഠായി വിതരണം ചെയ്തും പടക്കം പൊട്ടിച്ചും എല്ലാവരും സന്തോഷത്തിൽ പങ്കാളികളാകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

Logo
X
Top