സിപിഎമ്മിൽ തിരുത്തലും പിന്നാലെ വഴി പിഴയ്ക്കലും; പിടിച്ചാൽ കിട്ടാത്ത അവസ്ഥയിൽ അണികൾ
ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ മുകളിൽ തൊട്ട് താഴെ തലം വരെ തിരുത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചെങ്കിലും, പ്രവർത്തകരുടെ വഴി പിഴച്ച പോക്കിൽ അന്തം വിട്ടു നിൽക്കുകയാണ് നേതൃത്വം. ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ പാർട്ടിയെ അങ്ങേയറ്റം പ്രതിരോധത്തിലാക്കുന്ന സംഭവങ്ങളാണ്.
കോഴിക്കോട്ടെ സിപിഎമ്മിൻ്റെ യുവനേതാവ് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞ് വാങ്ങിയെന്നാണ് ഏറ്റവും പുതിയ ആരോപണം. പാർട്ടിയുമായി അടുപ്പമുള്ള ഇയാൾ 60 ലക്ഷം രൂപയ്ക്കാണ് ഒരു ഡോക്ടറുമായി ഡീൽ ഉറപ്പിച്ചത്. മന്ത്രി വഴി സ്ഥാനം ശരിയാക്കിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. കാര്യം നടക്കാതെ വന്നപ്പേഴാണ് പരാതി പാർട്ടിക്ക് ലഭിച്ചത്. പിഎസ്സി അംഗങ്ങളെ പാർട്ടി തീരുമാനിച്ചപ്പോള്‍ തന്റെ പേര് ഉള്‍പ്പെടാതെ വന്നതോടെ ഡോക്ടര്‍ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. അന്വേഷണം നടക്കട്ടെയെന്ന നിലപാടിലാണ് റിയാസ്. ഡീൽ ഉറപ്പിക്കുന്നതുമായ ശബ്ദസന്ദേശം സഹിതമാണ് പരാതി ലഭിച്ചിരിക്കുന്നത്.
അടിമുടി പാർട്ടിയെ ബാധിച്ചിരിക്കുന്ന അഴിമതിയും, ജനങ്ങളെ വെറുപ്പിക്കുന്ന സമീപനങ്ങളും മാറ്റി പരിപൂർണ ശുദ്ധീകരണം നടപ്പാക്കിയാലേ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കാനാവു എന്ന ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങൾ പുറത്തു വരുന്നത്. ഇക്കഴിഞ്ഞ ദിവസം എകെജി സെൻ്ററിൽ നടന്ന അവലോകന യോഗത്തിൽ വെച്ച് പണത്തോടുള്ള ചിലരുടെ അത്യാർത്തിയെക്കുറിച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ തുറന്നടിച്ചിരുന്നു. സഖാക്കൾക്ക് പണത്തോട് ആർത്തിയാണ്. സാമ്പത്തികനേട്ടമെന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. നേതൃത്വത്തിന് നേരിട്ട് അറിയാവുന്ന പല അഴിമതിക്കഥകളും മൂടിവയ്ക്കുന്നുണ്ടെങ്കിലും പല തട്ടിപ്പ് കഥകളും പുറത്തു വരുന്നതിലും നേതൃത്വം അസ്വസ്ഥരാണ്.
എടപ്പാളിൽ സിഐടിയു പ്രവർത്തകരുടെ ആക്രമണം ഭയന്ന് ഇക്കഴിഞ്ഞ ദിവസം നിർമാണത്തൊഴിലാളി കെട്ടിടത്തിൽനിന്ന് ചാടി രണ്ട് കാലും ഒടിഞ്ഞ സംഭവം പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. സംഭവത്തിൽ അഞ്ചു പ്രതികളെ നിസാര വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്.നോക്കുകൂലി ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകരിൽനിന്ന് രക്ഷപ്പെടാനാണ് കൊല്ലം പത്തനാപുരം പാതിരിക്കൽ ലക്ഷംവിട്ടിൽ ഫയാസ് ഷാജഹാൻ (21) കെട്ടിടത്തിൽനിന്ന് ചാടിയത്. തൊഴിലാളി പാർട്ടിയെന്ന് മേനി നടിക്കുമ്പോഴാണ് നിയമം കൈയിലെടുത്ത് ഒരു കൂട്ടം ആൾക്കാർ തൊഴിലാളികളെ ആക്രമിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് വലിയ കോലാഹലമുണ്ടാക്കിയ സംഭവമായിരുന്നു പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണം. എസ്എഫ്ഐ വിദ്യാർത്ഥികളുടെ അക്രമം മൂലമാണ് സിദ്ധാർത്ഥൻ കൊല്ലപ്പെട്ടതെന്ന് വ്യാപകമായ ആക്ഷേപമുയർന്നിരുന്നു. ഈ സംഭവം സിപിഎമ്മിന് കനത്ത തിരിച്ചടിക്ക് ഇടയാക്കിയിരുന്നു. ക്യാംപസ് അതിക്രമങ്ങൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നതിനിടയിലാണ് കൊയിലാണ്ടിയിൽ കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐക്കാർ മർദ്ദിച്ചത്. തൊട്ടടുത്ത ദിവസമാണ് കാര്യവട്ടത്ത് കെഎസ് യു നേതാവിനെ ഇടിമുറിയിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവവും പുറത്തുവന്നത്. എസ്എഫ്ഐയെ നിലയ്ക്ക് നിർത്തണമെന്ന് സിപിഐ പോലും പരസ്യമായി ആവശ്യപ്പെട്ടതും സിപിഎമ്മിന് വലിയ ക്ഷീണമായി. ഒരു വശത്ത് പാർട്ടിയും നേതൃത്വവും അണികളുമൊക്കെ തിരുത്തലിൻ്റെ പാതയിലാണെന്ന് അവകാശപ്പെടുമ്പോഴാണ് നിലനില്പ് തന്നെ അസാധ്യമാക്കുന്ന വിഷയങ്ങൾ പൊതുമധ്യത്തിലേക്ക് വരുന്നത്.
പത്തനംതിട്ടയിൽ നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ട കാപ്പ കേസ് പ്രതിയെ മന്ത്രിയുടെ സാന്നിധ്യത്തിൽ മാലയിട്ട് പാർട്ടിയിലേക്ക് ആനയിച്ചത് സിപിഎമ്മിനെ നാണക്കേടിൻ്റെ പടുകുഴിയിലെത്തിച്ച സംഭവമായിരുന്നു. സിപിഎം വനിതാ നേതാവിനെ ആക്രമിച്ചതടക്കം 12 ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതിയായ ശരൺ ചന്ദ്രനെയാണ് പാർട്ടി അംഗത്വം നൽകി ആദരിച്ചത്. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഇയാളെ ന്യായീകരിച്ച് നടത്തിയ വാദങ്ങളെല്ലാം തന്നെ പൊതു സമൂഹത്തിന് ദഹിക്കാത്ത ന്യായങ്ങളാണ്.സർക്കാരിന്റെ മുൻഗണനാ ക്രമത്തിൽ മാറ്റം വരുത്തുന്നതിനൊപ്പം, നേതാക്കളുടെ പ്രവർത്തന ശൈലിയിലടക്കം മാറ്റം വരുത്തുമെന്ന് പ്രഖ്യാപനങ്ങൾ നടത്തുമ്പോഴാണീ വഴി പിഴച്ച സംഭവങ്ങളുണ്ടാകുന്നത്. ബംഗാളും ത്രിപുരയും ആവർത്തിക്കാതിരിക്കാൻ ശുദ്ധീകരണവും തിരുത്തലും പാർട്ടിയിൽ അനിവാര്യമാണെന്ന അവകാശവാദങ്ങളെ അപ്രസക്തമാക്കുന്ന പെരുമാറ്റങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ നേതൃത്വത്തിനും പ്രവർത്തകർക്കും കഴിയുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here