കൊലക്കേസ് പ്രതിയുടെ തുറന്നുപറച്ചിലും പാനൂർ സ്ഫോടനവും സിപിഎമ്മിനെ വലയ്ക്കുന്നു; ന്യായീകരണങ്ങൾ തിരിച്ചടിക്കുമോ, പാർട്ടി വിഷമവൃത്തത്തിൽ

ആലപ്പുഴ: കായംകുളത്തെ ഐഎൻടിയുസി നേ​താ​വ് സത്യൻ്റെ കൊലപാതകം പാ​ർ​ട്ടി ആലോചിച്ച് നടപ്പാക്കിയ പദ്ധതിയാണെന്ന സിപിഎം നേതാവിൻ്റെ വെളിപ്പെടുത്തൽ സംഘടനയെ വീണ്ടും കുരുക്കിലാക്കി. പാനൂരിലെ ബോംബ് സ്ഫോടനത്തിൻ്റെ പേരിൽ പ്രതിരോധത്തിലായ സിപിഎമ്മിന് ഈ വെളിപ്പെടുത്തൽ കനത്ത തിരിച്ചടിയാണ്. ആലപ്പുഴ ജില്ലാ പ​ഞ്ചാ​യ​ത്ത് മുൻ വൈ​സ് പ്ര​സി​ഡ​ന്‍റും സിപിഎം ഏരിയ സെ​ൻ്റർ അംഗവുമായ അഡ്വ.ബിപിൻ സി.ബാബു പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2001ലാണ് കായംകുളം കരീലകുളങ്ങരയിൽ വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ സത്യൻ കൊല്ലപ്പെടുന്നത്. ഈ കേസിലെ ആറാം പ്രതിയായിരുന്നു ബിപിൻ ബാബു. 2006ൽ പ്രതികളെ എല്ലാം കോടതി വെറുതെ വിട്ടു. നിരപരാധിയായ തന്നെ പാർട്ടി കേസിൽ കുടുക്കുകയായിരുന്നു എന്നാണ് ബിപിൻ്റെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് 65 ദിവസം താൻ ജയിലിൽ കിടന്നുവെന്നും കത്തിൽ പറയുന്നുണ്ട്. പാർട്ടി അംഗത്വം ഉപേക്ഷിക്കാനും ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാനും ആഗ്രഹിക്കുന്നതായി എംവി ഗോവിന്ദന് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. കൃഷ്ണപുരം ഡിവിഷനിൽ നിന്നുള്ള അംഗമാണ് ബിപിൻ സി.ബാബു. വൈസ് പ്രസിഡണ്ട് ആയിരുന്ന ദലീമ ജോജോ എംഎൽഎ ആയതിനെ തുടർന്നാണ് ബിപിനെ തിരഞ്ഞെടുത്തത്.

രാഷ്ടീയ എതിരാളികളെ കൊന്നൊടുക്കുന്ന സംസ്കാരം സിപിഎം നടപ്പാക്കുന്നുവെന്ന ആക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ബിപിൻ്റെ വെളിപ്പെടു ത്തൽ. പാനൂരിൽ പൊട്ടിയ ബോംബും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യംവെച്ചുള്ളതായിരുന്നു എന്ന പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ട് വിവാദമായി നിൽക്കുമ്പോഴാണ് പാർട്ടി അംഗത്തിൻ്റെ കത്ത് പുറത്തായത്. പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകൻ ഷെറിൽ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നാണ് പോലീസ് നിലപാട്. സ്ഫോടനവുമായി യാതൊരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ആവർത്തിക്കുമ്പോഴാണ് പോലീസിൻ്റ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് ഈ രണ്ട് സുപ്രധാന വെളിപ്പെടുത്തലുകളും വരുന്നത്. പാർട്ടി ആലോചിച്ചുറപ്പിച്ച് രാഷ്ടീയ എതിരാളികളെ വകവരുത്താറുണ്ടെന്ന ആരോപണം കാലങ്ങളായി സിപിഎമ്മിന് നേരെ ഉയരാറുണ്ട്. പക്ഷേ, അതെല്ലാം എതിരാളികളുടെ പ്രചാരവേലകളാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. ടി.പി ചന്ദ്രശേഖരൻ വധം ഇത്തരത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒന്നായിരുന്നു. അന്നൊന്നും കേസിൽ പിടിക്കപ്പെട്ടവരാരും തന്നെ പാർട്ടിയെ തള്ളിപ്പറഞ്ഞില്ല എന്നുമാത്രം. സത്യൻ വധക്കേസിലെ പ്രതിയും ആലപ്പുഴ ജില്ലയിലെ പ്രധാന യുവനേതാക്കളിൽ ഒരാളുമായ ബിപിൻ സി.ബാബുവിൻ്റെ വെളിപ്പെടുത്തലിനെ പ്രതിരോധിക്കാൻ സിപിഎം ഏറെ പണിപ്പെടേണ്ടി വരും. സിപിഎം ഒരു കൊലയാളി പാർട്ടിയാണെന്ന കോൺഗ്രസിൻ്റെ ആരോപണങ്ങൾക്ക് മൂർച്ച കൂട്ടുന്ന സംഭവങ്ങളാണ് പാനൂർ സ്ഫോടനവും സത്യൻ വധക്കേസ് പ്രതിയുടെ തുറന്ന് പറച്ചിലും. കായംകുളത്തെ സിപിഎമ്മിൽ കുറെ നാളുകളായി തുടരുന്ന വിഭാഗീയതയുടെ ഭാഗമാണ് പുതിയ സംഭവവികാസങ്ങളെന്ന് കരുതുന്നു.

പാർട്ടി അംഗം കൂടിയായ ഭാര്യയുടെ ഗാർഹികപീഡന പരാതിയിൽ ബിപിൻ സി.ബാബുവിനെ നേരത്തെ ആറുമാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. ഒക്ടോബറിൽ നടപടിയുടെ കാലാവധി അവസാനിച്ചെങ്കിലും തിരിച്ചെടുത്തില്ല. പിന്നീട് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പാർട്ടിയിൽ തിരിച്ചെടുത്തെങ്കിലും നേരത്തെ കായംകുളം ഏരിയ സെന്ററിൽ പ്രവർത്തിച്ചിരുന്ന ബിപിൻ ബാബുവിനോട് ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് നിർദേശിച്ചത്. ഇതിന് പിന്നാലെയാണ് മാർച്ച് 26ന് എംവി ഗോവിന്ദന് വിവാദകത്ത് അയച്ചത്.

പാനൂർ ബോംബ് സ്ഫോടനക്കേസിൽ പങ്കാളിത്തം നിഷേധിക്കുമ്പോഴും പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിസ്ഥാനത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ഇതിനും പുറമെ കേസിലെ അഞ്ചും ആറും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനാണ് ബോംബ് നിർമ്മിച്ചതെന്ന പോലീസിൻ്റെ നിലപാട് പാർട്ടിയെ വെട്ടിലാക്കി. പൊട്ടിത്തെറി നടന്ന് ഏതാണ്ട് ഒരാഴ്ച പിന്നിടുമ്പോഴും സ്ഫോടനത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിൽ, സംസ്ഥാനത്താകെയും വടകരയിൽ പ്രത്യേകിച്ചും ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് സിപിഎം. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഡിവൈഎഫ്ഐയുടെ തലയിൽ ചാരി രക്ഷപ്പെടാനാണ് ഇപ്പോൾ പാർട്ടി ശ്രമിക്കുന്നത്.

പാനൂർ ബോംബ് നിർമ്മാണക്കേസിൽ ഉൾപ്പെട്ടവർക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല എന്നാണ് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പറയുന്നത്. സിപിഎമ്മിന് വേണ്ടി ആയുധമുണ്ടാക്കാൻ ഡിവൈഎഫ്ഐയെ ചുമതലപ്പെടുത്തിയിട്ടില്ല. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും, പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട ആവശ്യമില്ല എന്നുമാണ് സിപിഎം സെക്രട്ടറി ഇന്നലെ നിലപാട് വ്യക്തമാക്കിയത്. പക്ഷേ, ഈ വിശദീകരണങ്ങൾ സാധാരണ ജനങ്ങളോ, പാർട്ടി അനുഭാവികളോ വിശ്വസിക്കില്ലെന്ന് നേതൃത്വത്തിനും നല്ല ബോധ്യമുണ്ട്. കാരണം സ്ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായ 12 പേരും സിപിഎമ്മുകാരാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top