സിപിഎം നേതൃത്വത്തില്‍ ഭൂമി കയ്യേറ്റവും ഗുണ്ടാ ആക്രമണവും; സഹോദരങ്ങള്‍ക്ക് ഗുരുതര പരുക്ക്

ചേര്‍ത്തല: തണ്ണീര്‍മുക്കത്ത് സിപിഎം നേതൃത്വത്തിലുള്ള ഗുണ്ടാ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് ഗുരുതര പരുക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് വീടുകളിലേക്കുള്ള ഗേറ്റ് തകര്‍ത്ത് ഭൂമി കയ്യേറിയത്. തടയാന്‍ ചെന്ന സഹോദരങ്ങളായ തോമസ്‌.സി.വര്‍ഗീസ്‌, ജോസഫ്.സി.വര്‍ഗീസ്‌ എന്നിവര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

കരിങ്കല്ല് ഉപയോഗിച്ച് ആക്രമിക്കുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. തലക്കുള്ള വെട്ട് തടുത്തപ്പോഴാണ് തോമസിന്റെ കയ്യില്‍ വെട്ടേറ്റത്. ജോസഫിന്റെ നട്ടെല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇവരുടെ ഭൂമിയില്‍ ആരും അതിക്രമിച്ച് കടക്കരുതെന്ന് ചേര്‍ത്തല മുന്‍സിഫ് കോടതിയുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഭൂമി കയ്യേറി വഴിവെട്ടിയത്. ചേര്‍ത്തല പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

സഹോദരങ്ങളുടെ വീടിന് പിറകിലായി സിപിഎമ്മുകാരുടെ നാല് വീടുകളുണ്ട്. ഇവര്‍ക്ക് വേണ്ടി വഴിവെട്ടി നല്‍കുകയാണ് സിപിഎം സംഘം ചെയ്തത്. നടന്നുപോകുവാനുള്ള വഴിയുണ്ടെങ്കിലും കാറ് പോകാനുള്ള വീതിയ്ക്കാണ് ഗേറ്റ് തകര്‍ത്തതും ഭൂമി കയ്യേറിയതും. വഴി വിട്ടുകൊടുക്കാന്‍ സിപിഎം നേതാക്കള്‍ തോമസിനോടും ജോസഫിനോടും ആവശ്യപ്പെട്ടിരുന്നു. സ്ഥലം നല്‍കിയാല്‍ സഹോദരങ്ങള്‍ക്കുള്ള വഴി പരിമിതമാകും. അതിനാല്‍ ഇവര്‍ സമ്മതിച്ചില്ല.

മറ്റൊരു സ്ഥലമുടമയോട് വിലകൊടുത്താണ് ഈ വഴി വാങ്ങിയത്. അതുകൊണ്ട് തന്നെ സിപിഎം നേതൃത്വത്തോട് എതിര്‍പ്പ് അറിയിച്ചിരുന്നു. കോടതിയില്‍ നിന്നും സ്റ്റേ ഓര്‍ഡറും വാങ്ങിയിരുന്നു. അക്രമം നടന്നതറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും വഴിവെട്ടലും ഇവര്‍ക്ക് നേരെയുള്ള ആക്രമണവും നടന്നുകഴിഞ്ഞിരുന്നു. വെട്ടിയ വഴിയില്‍ പൂഴിയും നിരത്തിയിട്ടുണ്ട്.

സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആശുപത്രിയിലുള്ള തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എട്ടുപേരാണ് ആക്രമണം നടത്തിയത്. അവരുടെ പേരുകള്‍ പരാതിയില്‍ വ്യക്തമാക്കിയിട്ടും ഗിരീഷിന്റെ പേര് മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാമത് ആളുടെ പേര് എഴുതിയിട്ടില്ല. സിപിഎം നേതാക്കളുടെ പേരുകള്‍ എഫ്ഐആറില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കോടതിയലക്ഷ്യത്തിന് കേസും നല്‍കും”-തോമസ്‌ പറയുന്നു.

“സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണത്. അവിടെ പുറമ്പോക്കുണ്ട് എന്ന് പറഞ്ഞാണ് ചില ആളുകള്‍ അതിക്രമിച്ച് കയറി വഴിവെട്ടിയത്. കോടതി സ്റ്റേ നിലനില്‍ക്കുന്ന സ്ഥലമാണത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്”-ചേര്‍ത്തല എസ്എച്ച്ഒ ബി.വിനോദ് കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top