മുഖ്യമന്ത്രിയെ മറയാക്കി മറ്റൊരു സംഘം ഭരിക്കുന്നു, സിപിഎമ്മിൽ മൊത്തം ഭീരുക്കളാണ്, പിണറായിക്കെതിരെ മിണ്ടാനാർക്കും ധൈര്യമില്ല – വി .ഡി . സതീശൻ

കോഴിക്കോട്: സർക്കാരിന് താക്കീത് നൽകാൻ ജനങ്ങൾ കോൺഗ്രസിന്റെ കൂടെനിന്നതിന്റെ ഫലമാണ് പുതുപ്പള്ളിയിലെ വിജയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നല്ലവരായ കമ്മ്യൂണിസ്റ്റുകാർ വരെ ഞങ്ങൾക്ക് വോട്ട് ചെയ്തു. അത് ചാണ്ടി ഉമ്മനെ ജയിപ്പിക്കാനല്ല മറിച്ച് മുഖ്യമന്ത്രിക്ക് താക്കീത് നൽകാനാണ്. 10000 വോട്ടുകളാണ് ഇടതുപക്ഷത്തിന്റെ കയ്യിൽ നിന്ന് ചോർന്നത്. കടുത്ത ബിജെപിക്കാർ അല്ലാത്തവരും കോൺഗ്രസിന് വോട്ടു ചെയ്തു. എന്നിട്ടും വോട്ട് ചോർന്നില്ലെന്നാണ് എൽഡിഎഫ് പറയുന്നത്.
സിപിഎം ഭീരുക്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പിണറായി വിജയന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്യാൻ പാർട്ടിയിൽ ആർക്കും ധൈര്യമില്ല. അതാണ് അവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി. അതുപോലെ തന്നെ മലക്കംമറിയാൻ വിദഗ്ദ്ധനാണ് എം വി ഗോവിന്ദനെന്നും വി ഡി സതീശൻ പരിഹസിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരിന്റെ വിലയിരുത്തലായിരിക്കുമിതെന്ന് പറഞ്ഞത് ഇന്നലെ മാറ്റി പറഞ്ഞു. സർക്കാരിന്റെ കുഴലൂത്തുകാരനായി എം വി ഗോവിന്ദൻ മാറിക്കഴിഞ്ഞു.
യു ഡി എഫിന്റെ വിജയം കൂട്ടായ്മയുടെ വിജയമാണ്. കോൺഗ്രസ് ഒറ്റകെട്ടായി പ്രവർത്തിച്ചു. ഏതു കേഡർ പാർട്ടിയെയും തോൽപ്പിക്കാനുള്ള സംഘടനാപാടവം പാർട്ടിക്കുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇതേ പ്രവർത്തനം തുടരും. ജനങ്ങളോട് വലിയ നന്ദി പറയുന്നെന്നും സതീശൻ പറഞ്ഞു. കൂടുതൽ ഉത്തരവാദിത്തത്തോട് കൂടി പ്രവർത്തിക്കും. ഇക്കഴിഞ്ഞ ജൂലൈയിൽ ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ മരിച്ചു പോയ എംഎൽഎയുടെ മകനെയാണ് സിപിഎം നിർത്തിയത്. അത് മക്കൾ രാഷ്ട്രീയമല്ല പക്ഷെ കോൺഗ്രസ് നിർത്തിയപ്പോൾ അത് മക്കൾ രാഷ്ട്രീയമായി. ഇവിടെ ഞങ്ങൾ ജയിച്ചപ്പോൾ അത് സഹതാപതരംഗം അവിടെ സിപിമ്മിന് കെട്ടിവച്ച കാശുപോലും തിരിച്ചു കിട്ടിയില്ല.
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്ന കെ മുരളീധരന്റെ പ്രസ്താവന മുതിർന്ന നേതാവിന്റെ ഉപദേശമായി സ്വീകരിക്കും. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. കോൺഗ്രസ് ചർച്ച ചെയ്താണ് തീരുമാനം എടക്കുന്നത്. യു ഡി എഫിൽ ഭീരുക്കളില്ല, തെറ്റ് ചെയ്താൽ തിരിച്ചു ചോദിക്കാൻ സ്വാതന്ത്ര്യമുണ്ട്. സിപിമ്മിൽ അങ്ങനെയല്ല ഒരാൾ തീരുമാനം എടുക്കും ബാക്കിയുള്ളവർ അനുസരിക്കണമെന്ന രീതിയാണെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊതഭരണ വകുപ്പിന് കീഴിലുള്ള മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാനെ മാറ്റിയിട്ട് അദ്ദേഹം അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. എങ്കിൽ പിന്നെ എന്തിനാണ് മുഖ്യമന്ത്രി ആ പദവിയിൽ ഇരിക്കുന്നത്. അതിനർത്ഥം മുഖ്യമന്ത്രിയെ ഇരുത്തി വേറൊരു സംഘമാണ് ഭരിക്കുന്നത് എന്നാണെന്ന് വി ഡി സതീശൻ ആരോപിച്ചു . പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയുമാകുന്ന സ്ഥിതിയാണ് സിപിമ്മിൽ. ഇരട്ട നിയമമാണ് പാർട്ടിക്കാർക്കും സാധാരണ ജനങ്ങൾക്കും. പാർട്ടിക്കാർ കുറ്റം ചെയ്താൽ പാർട്ടിയിൽ തരം താഴ്ത്തും പക്ഷെ പോലീസ് കേസ് എടുക്കില്ലെന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here