സിപിഎമ്മിന് സംഘപരിവാർ അജണ്ട; തട്ടം ഉപേക്ഷിക്കുന്നത് പാർട്ടി നേട്ടമായി ചിത്രീകരിക്കുന്നു, വിശ്വാസത്തിന്മേൽ കടന്നുകയറ്റം- സതീശൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാർ നടത്തിയ തട്ടം പരാമര്‍ശം അനുചിതവും അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംഘപരിവാറിന് കീഴ്‌പ്പെട്ട കേരളത്തിലെ സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ് അനില്‍കുമാറിന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നത്. ഹിജാബ് നിരോധിച്ച ബിജെപി സര്‍ക്കാരും തട്ടം ഉപേക്ഷിക്കുന്നത് പാര്‍ട്ടി നേട്ടമായി കാണുന്ന സിപിഎമ്മും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന് സതീശൻ ചോദിച്ചു.
ശബരിമല വിഷയത്തിലും വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിച്ചത്. ഗണപതി മിത്താണെന്ന പരാമര്‍ശം വര്‍ഗീയകക്ഷികള്‍ക്ക് ആയുധമാകുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടും എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. വോട്ടിന് വേണ്ടി മതപ്രീണനം നടത്തുന്നതാണ് സിപിഎമ്മിന്റെ എക്കാലത്തെയും നിലപാട്. ഇതാണ് അനികുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്.
ഒരാള്‍ ഏത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊക്കെയുള്ളത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. തട്ടം ഒഴിവാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേട്ടമാണെന്ന പ്രസ്താവന വിശ്വാസത്തിലേക്കും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുമുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് സതീശൻ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here