കടകംപള്ളിക്കുമുണ്ട് ഒരു പരിഭവം; സിപിഎം സമ്മേളനത്തിന് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി പറഞ്ഞ് നേതാക്കള്‍

സിപിഎം സംസ്ഥാന സമ്മേളനം കഴിഞ്ഞതോടെ അസംതൃപ്തരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പാര്‍ട്ടി ഘടകങ്ങളില്‍ സ്ഥാനങ്ങള്‍ പ്രതീക്ഷിച്ചിട്ടും ലഭിക്കാത്തവരാണ് ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനം ഉന്നയിക്കുന്നത്. എ പത്മകുമാര്‍ പരസ്യമായി എതിര്‍പ്പ് ഉന്നിയിച്ചു. മറ്റു ചില നേതാക്കളാകട്ടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ മുനവച്ച് വിമര്‍ശനം ഉന്നയിക്കുകയാണ്.
മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ കടകംപള്ളി സുരേന്ദ്രനാണ് അവസാനമായി ഫെയ്‌സ്ബുക്കിലെ കവര്‍ചിത്രം മാറ്റി പ്രതിഷേധം അറിയിച്ചത്.’നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം, 2016 ഫെബ്രുവരി 15!’ എന്ന കുറിപ്പോടെയാണ് പുതിയ കവര്‍ചിത്രം. പാര്‍ട്ടി പ്രവര്‍ത്തകരെ വേദിയില്‍നിന്നു അഭിസംബോധന ചെയ്യുന്നതാണു ചിത്രം. ഈ പോസ്റ്റിലെ വാചകത്തിന്റെ അവസാനം ആശ്ചര്യചിഹ്നം ചേര്‍ത്തതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സംസ്ഥാന സമ്മേളനം വലിയ വിജയമെന്ന് പാര്‍ട്ടി അവകാശപ്പെടുമ്പോള്‍ മുതിര്‍ന്ന നേതാവ് എന്തിന് 2016ലെ ചിത്രം പങ്കുവച്ചു എന്നതിലാണ് ചര്‍ച്ചകള്‍ സജീവം.
ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുമെന്ന് കടകംപള്ളി പ്രതീക്ഷിച്ചിരുന്നു. പ്രായപരിധിയില്‍ ആനാവൂര്‍ നാഗപ്പന്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാകുന്ന സ്ഥാനമാണ് കടകംപള്ളി പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥാനം ലഭിച്ചില്ല. ഇതോടെയ തലസ്ഥാന ജില്ലിയില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് ആരും ഇല്ലാത്ത സ്ഥിതിയായി. സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാത്തതില്‍ പി ജയരാജനും എതിര്‍പ്പുണ്ട്. ഇക്കാര്യം സമ്മേനത്തില്‍ തന്നെ ജയരാജനന്‍ വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന സമിതിയിലേക്ക് പരിഗണിക്കാത്തതിന് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള എന്‍.സുകന്യയുടെ പോസ്റ്റും ചര്‍ച്ചയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here