സിപിഎമ്മിൻ്റെ ‘സദുദ്ദേശ സിദ്ധാന്തം’ കോടതി തോട്ടിലെറിഞ്ഞു; ദിവ്യക്ക് ദുരുദ്ദേശ്യമെന്ന് ഉത്തരവിൽ പരാമർശം; ഇനി പാർട്ടി എന്തുപറയും
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയെക്കുറിച്ച് ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിൽ സിപിഎം ജില്ലാക്കമ്മറ്റി പറഞ്ഞത് പിപി ദിവ്യയുടേത് സദുദ്ദേശപരമായ വിമർശനം മാത്രമായിരുന്നു എന്നായിരുന്നു. എന്നാൽ ഈ വാദം കോടതി പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് അതിരൂക്ഷമായ വിമർശനങ്ങളാണ് തലശ്ശേരി സെഷൻസ് കോടതി നടത്തിയത്. എഡിഎമ്മിന് സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ചെന്ന് ദിവ്യ അധിക്ഷേപകരമായ വാക്കുകൾ ചൊരിഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. അതോടൊപ്പം അഴിമതിക്കെതിരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശക്തമായ നിലപാട് സ്വീകരിച്ചു എന്ന വാദം കോടതി പൂർണ്ണമായും തള്ളുകയും ചെയ്തു.
“ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തിൽ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനം മാത്രമാണ്. തെറ്റായ പ്രവണതകൾ അനുഭവത്തിൽ ഉണ്ടായാൽ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങൾ വിവരിക്കാറുണ്ട്. അത്തരം ജനങ്ങളുടെ സങ്കടങ്ങൾ കേട്ടുകൊണ്ടുള്ള പ്രതികരണം ആണെങ്കിലും യാത്രയയപ്പ് യോഗത്തിൽ ഇത്തരം പരാമർശങ്ങൾ പാടില്ലായിരുന്നു” സിപിഎം ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച ശേഷവും സദുദ്ദേശ സിദ്ധാന്തം പാർട്ടി ആവർത്തിച്ചിരുന്നു.
ദിവ്യ അഴിമതിക്കെതിരായ കുരിശു യുദ്ധം നടത്തുന്ന വ്യക്തിയാണെങ്കിൽ എഡിഎമ്മിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തുവെന്ന് തന്നോട് വെളിപ്പെടുത്തിയ ടിവി പ്രശാന്തിനെതിരെ എന്തുകൊണ്ട് നിയമ നടപടി സ്വീകരിച്ചില്ല എന്നാണ് കോടതി ചോദിച്ചത് . അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന വ്യക്തി എന്നതിൻ്റെ മറവിൽ ദുരുദ്ദേശത്തോടെയുള്ള പെരുമാറ്റമാണ് ദിവ്യയുടെ ഭാഗത്തു നിന്നുണ്ടായത് എന്നാണ് വിധിയിൽ പറയുന്നത്. ജില്ലാ കലക്ടറോട് അഴിമതിയെക്കുറിച്ച് സംസാരിച്ച ഘട്ടത്തിൽ പോലും ഒരു പരാതി കൊടുക്കാൻ തയ്യാറായില്ല. എഡിഎമ്മിൻ്റെ മരണശേഷം വ്യക്തികളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായ തെളിവുകൾ സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥനായ വ്യക്തിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം നടത്തുക എന്ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നവീൻ ബാബുവിനെതിരെ വ്യാജ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തതോടെ, ദിവ്യയുടേത് സദുദ്ദേശ വിമർശനമെന്ന് പ്രതിരോധിച്ച കണ്ണൂർ സിപിഎം ഒരിക്കൽക്കൂടി പൊതുജനമധ്യത്തിൽ ഇളിഭ്യരായി. ഇത്രയൊക്കെ തിരിച്ചടി ഉണ്ടായിട്ടും ദിവ്യയുടെ വിമർശനം സദുദ്ദേശപരമായിരുന്നു എന്ന പ്രസ്താവന തിരുത്താനോ, പിൻവലിക്കാനോ കണ്ണൂർ സിപിഎം ജില്ലാ കമ്മറ്റി തയ്യാറായിട്ടില്ല. പാർട്ടിയുടെ അടുക്കളയിൽ തയ്യാറാക്കിയ സദുദ്ദേശ സിദ്ധാന്തത്തെ കോടതി പാടെ നിരാകരിച്ചിട്ടും സിപിഎമ്മിൻ്റെ നേതൃത്വത്തിന് പശ്ചാത്താപം ഉണ്ടാകുമോ എന്ന് കണ്ടറിയണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here