സമ്മേളനകാലത്തെ അസാധാരണ അച്ചടക്ക നടപടി; ദിവ്യയെ തള്ളിപ്പറഞ്ഞ് പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ സിപിഎം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദത്തില്‍ പ്രതിയായ പിപി ദിവ്യയെ പൂര്‍ണ്ണമായും കൈവിടാന്‍ സിപിഎം നിര്‍ബന്ധിതരാവുക ആയിരുന്നു. പൊതു സമൂഹത്തില്‍ നിന്നും ഉയരുന്ന എതിര്‍പ്പ്, പത്തനംതിട്ട ജില്ലാഘടകത്തിന്റെ സമ്മര്‍ദ്ദം, നവീന്‍ ബാബുവിന്റെ കുടുംബം മൗനം വെടിഞ്ഞ് നടത്തുന്ന രൂക്ഷമായ പ്രതികരണങ്ങള്‍, ഉപതിരഞ്ഞെടുപ്പ് ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചാണ് അച്ചടക്ക നടപടിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയിരിക്കുന്നത്. സിപിഎമ്മില്‍ ഇത് സമ്മേളനകാലമാണ്. ലോക്കല്‍ സമ്മേനങ്ങള്‍ പൂര്‍ത്തിയാക്കി ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. സമ്മേളനകാലത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി പതിവുള്ളതല്ല. സമ്മേളനങ്ങളില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഈ കീഴ്‌വഴക്കം.
എന്നാല്‍ കീഴ്‌വഴക്കം എല്ലാം മാറ്റിവച്ചാണ് കണ്ണൂരിലെ യുവനേതാവായ പിപി ദിവ്യക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയാണ് ചെയ്തിരിക്കുന്നത്. സിപിഎമ്മിലെ കടുത്ത അച്ചടക്ക നടപടികളില്‍ ഒന്നാണിത്. ജില്ലാ കമ്മറ്റിയംഗമായ ദിവ്യ ഇനി ഏറ്റവും കീഴ്ഘടകമായ ബ്രാഞ്ച് കമ്മറ്റിയംഗമായി മാറും.നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രതി ചേര്‍ത്ത് 20 ദിവസം കഴിഞ്ഞാണ് സിപിഎമ്മിന് ഈ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ദിവ്യയെ രക്ഷിച്ചെടുക്കാനും ന്യായീകരിക്കാനും നടത്തിയ ശ്രമങ്ങളെല്ലാം പാളിയതോടെയാണ് അനിവാര്യമായ അച്ചടക്ക നടപടിയിലേക്ക് കടന്നത്. കണ്ണൂര്‍ ജില്ലാ കമ്മറ്റി ആദ്യം ഇറക്കിയ സദുദ്ദേശ്യ സിദ്ധാന്തം പൊളിഞ്ഞതോടെയാണ് പാര്‍ട്ടി പേരിനെങ്കിലും നടപടികളിലേക്ക് കടന്നത്.
യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തി നവീന്‍ ബാബുവിനെ അപമാനിച്ചത് വലിയ സംഭവമാക്കാന്‍ അലോചിച്ച് ഉറപ്പിച്ചായിരുന്നു ദിവ്യ നീക്കങ്ങളെല്ലാം നടത്തിയത്. എന്നാല്‍ അപമാനിതനായ നവീന്‍ ആത്മഹത്യ ചെയ്തതോടെ എല്ലാം പാളി. കേസില്‍ പ്രതിയാക്കാതിരിക്കാന്‍ നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിഷേധം കടുത്തതോടെ ഇത് സാധിക്കാതെ വന്നു. കേസില്‍ പ്രതിയായി ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ദിവ്യയോട് സിപിഎം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ സിപിഎമ്മും കണ്ണൂര്‍ നേതൃത്വവും ഏറെ പ്രിരോധത്തിലായി. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടും രാജിസന്നദ്ധത സ്വയം പ്രകടിപ്പിക്കാതിരുന്ന ദിവ്യയുടെ നീക്കത്തില്‍ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ട്.
മുന്‍കൂര്‍ ജാമോപേക്ഷയില്‍ വിധി വരുന്നതുവരെ അറസ്റ്റ് ഒഴിവാക്കി സംരക്ഷണം തുടര്‍ന്നു. എന്നാല്‍ അപ്രകതീക്ഷിതമായി മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ വന്നതോടെയാണ് കീഴടങ്ങല്‍ എന്ന തീരുമാനത്തിലേക്ക് എത്തിയത്. നിലവില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. ഇത് ഒരു രീതിയിലും മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഉറച്ചതു കൊണ്ട് തന്നെയാണ് നേതാക്കള്‍ ഈ തീരുമാനം എടുത്തത്.
പികെ ശ്രീമതിക്കും പി സതീദേവിക്കും കെകെ ശൈലജയ്ക്കും ശേഷം സിപിഎമ്മിന്റെ വനിതാ മുഖമാകുന്ന തരത്തില്‍ മുന്നേറിയിരുന്ന നേതാവായിരുന്നു പിപി ദിവ്യ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ഏതെങ്കിലും ഉറച്ച മണ്ഡലം പ്രതീക്ഷിച്ചിരുന്ന ദിവ്യയാണ് അമിത ആവേശം മൂലം ജയിലില്‍ ആയിരിക്കുന്നത്.
ഇടത് സഹയാത്രികരായ നവീന്‍ ബാബുവിന്റൈ കുടുംബത്തിന്റെ കടുത്ത നിലപാടും നേതാക്കളെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരകമായിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കുടുംബം കക്ഷി ചേര്‍ന്നത് തന്നെ സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. പ്രോസിക്യൂഷനെ വിശ്വാസമില്ലെന്ന സന്ദേശം തന്നെയാണ് കുടുംബം ഇതിലൂടെ നല്‍കിയത്. ദിവ്യക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ കാരണമായതും കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം തന്നെയായിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കടുത്ത വാക്കുകളും സിപിഎമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. സര്‍ക്കാരിലും പോലീസിലും അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. മഞ്ജുഷ ഈ ആവശ്യം ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയാല്‍ ആ ആഘാതം നിലിവിലെ സാഹചര്യത്തില്‍ സിപിഎമ്മിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here