വയനാടിന്റെ പേരില്‍ സിപിഎം നേതാക്കളുടെ തട്ടിപ്പ്; ബിരിയാണി ചലഞ്ച് നടത്തി പണം അടിച്ചുമാറ്റി; കേസെടുത്ത് പോലീസ്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തി സിപിഎം നേതാക്കള്‍. കായംകുളത്താണ് തട്ടിപ്പ് സംഘടനയുണ്ടാക്കി നേതാക്കളുടെ വ്യാപക പണപ്പിരിവ്. ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച ലക്ഷങ്ങളാണ് നേതാക്കള്‍ സ്വന്തമാക്കിയത്. സിപിഎം പ്രാദേശിക നേതാക്കളായ അരുണ്‍, സിബി ശിവരാജന്‍, അമല്‍ രാജ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി 8.07ന് 1767/2024 എന്ന നമ്പരില്‍ കായംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തണല്‍ ജനകീയ കൂട്ടായമ എന്ന പേരിലാണ് ഇവര്‍ തട്ടിക്കൂട്ട് സംഘടനയുണ്ടാക്കിയത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ബിരിയാണി ഫെസ്റ്റ് നടത്തിയത്. നൂറു രൂപയായിരുന്നു ഒരു ബിരിയാണിക്ക് വിലയായി ഈടാക്കിയത്. നോട്ടീസ് അടിച്ച് നടത്തിയ ചലഞ്ചില്‍ 1200 ബിരിയാണികളാണ് വിറ്റു പോയത്. ഇതിലൂടെ മാത്രം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് സിപിഎം നേതാക്കളുടെ കൈയ്യില്‍ എത്തിയത്.
ഇതുകൂടാതെ പലരില്‍ നിന്നും ഗൂഗിള്‍ പേയിലൂടേയും അല്ലാതെയും പണവും സ്വീകരിച്ചു. ഇതിന് രസീതൊന്നും നല്‍കിയതുമില്ല. ഈ പണം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി വീതിച്ചെടുത്തു എന്നാണ് ആരോപണം.
തട്ടിപ്പ് നടത്തിയ സിബി ശിവരാജന്‍ കാപ്പ കേസ് പ്രതിയാണ്. ലോക്കല്‍ കമ്മറ്റിയംഗമായ സിബി ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലാണ്. സിപിഎം പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മറ്റ് രണ്ട് പ്രതികള്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ഭാരവാഹിയുമാണ്. സിപിഎമ്മിന് ഏറെ നാണക്കേടായ സംഭവത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here