പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണം; സിപിഎം നേതാവിനെതിരെ ആരോപണവുമായി മാണി ഗ്രൂപ്പ്
കോട്ടയം: പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണത്തില്‍ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തിനെതിരെ ഗുരുതര ആരോപണം. എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നത് ബിനുവിന്റെ വീടിരിക്കുന്ന സ്ഥലമാണെന്ന് എയർപോഡിന്റെ ഉടമസ്ഥനും കേരള കോണ്‍ഗ്രസ് എം കൗൺസിലറുമായ ജോസ് ചീരാങ്കുഴി പറഞ്ഞു. ഇന്ന് നടന്ന കൗൺസിൽ യോഗത്തിലാണ് വെളിപ്പെടുത്തൽ.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണമെന്ന് ബിനു പ്രതികരിച്ചു. ജോസ്.കെ.മാണിക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പോലീസ് അന്വേഷണം വേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഇതിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എം കൗൺസിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൗൺസിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമായതോടെ കൗൺസില്‍ യോഗം നിര്‍ത്തിവച്ചു.
കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിന് ശേഷം 30000 രൂപ വിലയുള്ള എയർപോഡ് കാണാനില്ലെന്ന് അറിയിച്ച് ജോസ് ചീരാങ്കുഴി നഗരസഭ അധ്യക്ഷന് പരാതി നൽകിയിരുന്നു. കൗൺസിലർമാരിൽ ഒരാളാണ് എടുത്തതെന്നും പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും എടുത്തയാൾ തന്നെ തിരികെ തരണമെന്നും ആണ് പരാതിയിൽ പറഞ്ഞത്. യുഡിഎഫ് കൗൺസിലര്‍മാര്‍ എയര്‍പോഡ് എടുത്തിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് നേരത്തെ നഗരസഭാ അധ്യക്ഷന് കത്ത് നല്‍കിയിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here