ഘടകകക്ഷികളോട് പോയി പണി നോക്കാന്‍ സിപിഎം; മദ്യ പ്ലാന്റ് മാത്രമല്ല കിഫ്ബി ടോളും നടപ്പാക്കും

മദ്യ പ്ലാന്റ് വിഷയത്തില്‍ മാത്രമല്ല കിഫ്ബി ടോള്‍ വിഷയത്തിലും ഇടതു മുന്നണിയിലെ ഘടകകക്ഷികളുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും തയാറാകാതെ സിപിഎം. നയപരമായ കാര്യത്തില്‍ ഒരു ചര്‍ച്ചയും ഇല്ലാതെ സിപിഎം തീരുമാനം എടുത്തു കഴിഞ്ഞു. കിഫ്ബിയെ സംരക്ഷിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നും എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണനാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

കിഫ്ബി ടോള്‍ വിഷയത്തില്‍ എതിരഭിപ്രായം പറഞ്ഞ സിപിഐ അടക്കമുളള ഘടകകക്ഷികളുടെ മുഖത്തടിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. എംഎന്‍ സ്മാരകത്തില്‍ നടന്ന ഇടതു മുന്നണി യോഗത്തില്‍ മദ്യ പ്ലാന്റ് പദ്ധതിയില്‍ ഇനി ഒരു പിന്നോട്ട് പോക്ക് ഇല്ലെന്നും മന്ത്രിസഭാ യോഗത്തില്‍ പറയാത്ത എതിര്‍പ്പ് ഇപ്പോള്‍ പറയേണ്ടെന്നും മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഇതില്‍ തന്നെ സിപിഐ ആകെ നാറിയ അവസ്ഥയിലാണ്. നട്ടെല്ല് ഇല്ലാത്ത പാര്‍ട്ടി എന്ന വിമര്‍ശനം സിപിഐക്കെതിരെ കോണ്‍ഗ്രസും ബിജെപിയും ഉയര്‍ത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കിഫ്ബി ടോളും.

ഇടതുപക്ഷത്തിന്റെ മുന്‍ നിലപാടുകളില്‍ നിന്ന് വ്യതിചലിച്ച് ടോള്‍ പിരിക്കുന്നതു ജനരോഷത്തിന് ഇടയാക്കുമെന്നാണ് സിപിഐ പറയുന്നത്. എന്നാല്‍ ഇത് കേട്ടതായി പോലും സിപിഎം കണക്കാക്കുന്നില്ല. ഇതിനെല്ലാം ന്യായീകരണമായി പറയുന്നത് കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്നു അതിനാല്‍ വരുമാനം കണ്ടെത്തണം എന്നാണ്.

മുന്നണിയിൽ പറയുന്ന എതിരഭിപ്രായം പരിഗണിക്കുന്നില്ല എന്ന് മാത്രമല്ല കേട്ടഭാവം പോലും നടിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു പോവുകയാണ് സിപിഎം. ഇതിനെ എതിര്‍ക്കാനോ ചെറുക്കാനോ ഉള്ള ശക്തി സിപിഐക്കോ മറ്റ് ഘടകകക്ഷികള്‍ക്കോ ഇല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top