ടിപിയുടെ മകന്റെ വിവാഹത്തിന് എത്തുമോ സിപിഎം നേതാക്കള്‍? ആർക്കെല്ലാം ക്ഷണം; കാത്തിരിക്കുന്ന രാഷ്ട്രീയ കൗതുകം
ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റേയും കെക രമ എംഎല്‍എയുടേയും മകന്റെ വിവാഹത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുക്കുമോ എന്നതാകും രാഷ്ട്രീയ കേരളം ഈയടുത്ത് കാണാനിരിക്കുന്ന ഏറ്റവും വലിയ കൗതുകം. എംഎല്‍എ എന്ന നിലയില്‍ മുഖ്യമന്ത്രിയടക്കം എല്ലാ എംഎല്‍എമാര്‍ക്കും രമ ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കുളള സിപിഎം നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ജനുവരി 24ന് വടകരയിലാണ് ടിപിയുടേയും രമയുടേയും മകനായ അഭിനന്ദിന്റെ വിവാഹം.
സിപിഎം നേതാവായിരുന്ന ടിപി ചന്ദ്രശേഖരൻ പാര്‍ട്ടിയുമായി തെറ്റിയാണ് ആര്‍എംപി രൂപീകരിച്ചത്. ഇതിലെ പകയാണ് ടിപിയുടെ ക്രൂരമായ കൊലപാതകത്തില്‍ എത്തിയത്. കൊല നടത്തിയിട്ടും ടിപിയോടുള്ള വിരോധം തീരാത്ത സിപിഎം, ഇപ്പോഴും തരം കിട്ടിയാല്‍ രമയെ നിയമസഭയ്ക്കുള്ളില്‍ പോലും കടുത്ത രീതിയിൽ ആക്രമിക്കാറുണ്ട്. രമയുടെ വൈധവ്യം അവരുടെ വിധിയാണെന്ന പരാമര്‍ശം വരെ നിയമസഭയില്‍ ഉയര്‍ന്നു. എംഎം മണിയാണ് ഈ പരാമര്‍ശം നടത്തിയത്.
Also Read: മുഖത്ത് നോക്കി ചോദിക്കാനുണ്ടായിരുന്നു; അതില്‍ നിന്നും മുഖ്യമന്ത്രി ഒളിച്ചോടി; വിമര്‍ശനവുമായി കെകെ രമ
കെക രമയും തന്റെ പോരാട്ട വീര്യം കൃത്യമായി പ്രയോഗിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ എന്നാണ് രമ വിശേഷിപ്പിച്ചത്. യുഡിഎഫും കൃത്യമായ പിന്തുണ നല്‍കുന്നുണ്ട്. യുഡിഎഫില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നതിനാല്‍ എല്ലാ വിഷയങ്ങളിലും സംസാരിക്കാനും അവസരമുണ്ട്. ടിപി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെയാണ് രമ പോരാടുന്നത്. ടിപി കേസിലെ പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതിൽ അടക്കം നിര്‍ണ്ണായകമായതും രമയുടെ പോരാട്ടം തന്നെയാണ്.
Also Read: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവിന് നീക്കം; കോടതിയെ സമീപിക്കുമെന്ന് കെകെ രമ
ടിപിയുടെ കുടുംബവുമായി സഹകരിക്കുന്നതിൽ നിലവില്‍ സിപിഎം ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നേതാക്കളിലാർക്കും പങ്കെടുക്കാൻ തടസമില്ല. എന്നാൽ പ്രാദേശികമായി സിപിഎമ്മും ആര്‍എംപിയും കടുത്ത ശത്രുതയിലാണുള്ളത്. അതുകൊണ്ട് തന്നെ ആരും വിവാഹത്തില്‍ പങ്കെടുക്കരുത് എന്ന ആവശ്യം ഉയരും എന്ന് ഉറപ്പാണ്. 2012 മെയ് നാലിനാണ് ടിപി ചന്ദ്രശേഖരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here