ദിവ്യ ഒളിവില്‍; ചോദ്യം ചെയ്യാനുള്ള പോലീസ് ശ്രമം വിജയിച്ചില്ല; അപ്രത്യക്ഷയായത് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയശേഷം
എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലെന്ന് സൂചന. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷമാണ് ദിവ്യ ഒളിവില്‍ പോയത്. എഡിഎമ്മിന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി സിപിഎം നടപടി എടുത്തിരുന്നു.
ദിവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ക്ഷണിക്കാതെയല്ല ക്ഷണം ലഭിച്ചതിന് ശേഷമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പ് പരിപാടിയില്‍ സംബന്ധിച്ചതെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ജില്ലാ കളക്ടര്‍ എഡിഎമ്മിന്റെ യാത്രയയപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷമാണ് പരിപാടിക്ക് എത്തിയത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. സംഭവം സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. മരണത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here