ദിവ്യയുടെ ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ഒരുങ്ങിയത് ദളിത്‌ പെണ്‍കുട്ടി; ജീവനൊടുക്കി എഡിഎമ്മും

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പ്രതിക്കൂട്ടില്‍ ആയിരിക്കെ പഴയ കേസും പുകയുന്നു. തലശ്ശേരിയിലെ ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിലാണ് ദിവ്യയ്ക്കും ഇപ്പോഴത്തെ സ്പീക്കര്‍ കെ.എന്‍.ഷംസീറിനും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ് വന്നത്. 2016ല്‍ ആയിരുന്നു ഈ കേസ്.

തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന എന്‍.രാജന്റെ മകളാണ് അഞ്ജന. രാജനെ സിപിഎമ്മുകാര്‍ മര്‍ദിച്ചു. ഇത് ചോദ്യം ചെയ്യാന്‍ അഞ്ജനയും സഹോദരി അഖിലയും സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ എത്തി. 2016 ജൂണ്‍ 11ന് ആയിരുന്നു ഇത്. എന്നാല്‍ മൂന്നു ദിവസത്തിനുശേഷം പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു അറസ്റ്റ് രേഖപ്പെടുത്തി.

പാര്‍ട്ടി പ്രവര്‍ത്തകരെ മര്‍ദിച്ചു, ഉപകരണങ്ങള്‍ നശിപ്പിച്ചു എന്നൊക്കെ ചൂണ്ടിക്കാട്ടി ഇരുവര്‍ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഒരു വയസ്സുള്ള മകളുമായാണ് അഖില ജയിലില്‍ പോയത്. ഇത് കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചു. കോണ്‍ഗ്രസ് ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി. അഞ്ജന ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ മനംനൊന്താണ് അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നു. സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. തുടര്‍ന്നാണ് പി.പി.ദിവ്യക്കും ഷംസീറിനും എതിരെ കേസ് എടുത്തത്. പിന്നീട് ഷംസീറിനെ കേസിൽ നിന്ന് ഒഴിവാക്കി. യുവതി കഴിച്ച മരുന്ന് മരണത്തിനിടയാക്കില്ലെന്ന് ഡോക്ടർ സര്‍ട്ടിഫൈ ചെയ്തിരുന്നു. ഇതോടെയാണ് ദിവ്യക്ക് എതിരെയുള്ള കേസ് എഴുതിതള്ളിയത്.

ദിവ്യയുടെ ആരോപണത്തെ തുടര്‍ന്നാണ് അന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ എത്തിയാണ് ദിവ്യ എഡിഎമ്മിന് എതിരെ കഴിഞ്ഞ ദിവസം ആക്ഷേപം ചൊരിഞ്ഞത്. ഇതേ ദിവസം തന്നെ എഡിഎം നവീന്‍ ബാബു ക്വാര്‍ട്ടേഴ്സില്‍ എത്തി ജീവന്‍ ഒടുക്കുകയും ചെയ്തു. എഡിഎമ്മിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് പഴയ കേസ് വീണ്ടും പുകയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top