വെട്ടേറ്റുമരിച്ച സിപിഎം നേതാവ് സത്യനാഥന് കണ്ണീരോടെ വിട; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ വെട്ടേറ്റുമരിച്ച സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥന് നാടിന്റെ ആദരാഞ്ജലി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കൾ സത്യനാഥന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.
നേരത്തെ കൊയിലാണ്ടി ലോക്കൽ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. നൂറുകണക്കിനാളുകളാണ് നേതാവിന് അവസാനമായി ഒരുനോക്ക് കാണാനെത്തിയത്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സത്യനാഥന് വെട്ടേറ്റത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയായ അഭിലാഷ് (30) സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനും പുറത്താക്കിയ ശേഷം തന്നെ ഒറ്റപ്പെടുത്താനും സത്യനാഥന്‍ ശ്രമിച്ചെന്ന ചിന്തയാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അഭിലാഷ് പൊലീസിന് മൊഴി നല്‍കി. കഴുത്തിലടക്കമുള്ള ആഴത്തിലുളള ആറ് മുറിവുകളാണ് സത്യനാഥന്‍റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള 14 അംഗ സംഘത്തിന് കേസിന്‍റെ അന്വേഷണ ചുമതല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here