സമരപോരാട്ടത്തിന്റെ പ്രതിരൂപം; വി.എസ്.അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാൾ

തിരുവനന്തപുരം: കേരളത്തിന്റെ പ്രിയ നേതാവായ വി.എസ്.അച്യുതാനന്ദന് ഇന്ന് നൂറാമത് പിറന്നാള്‍. സമരപോരാട്ടത്തിന്റെ മനുഷ്യരൂപമായ വിഎസ് വിശ്രമജീവിതത്തിലാണ്. ജനപക്ഷത്ത് നിൽക്കുന്ന, ജനങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും നിരയിലാണ് എന്നും വി എസുള്ളത്. ഇരുകൈയുമുയർത്തി വി.എസ്. വിളിച്ചപ്പോഴെല്ലാം കേരളം വിളികേട്ടു.
കേരളത്തിന്റെ പ്രതിഷേധസ്വരങ്ങൾക്ക് മുഴക്കംനൽകിയ പ്രതിപക്ഷനേതാവായിരുന്നു വിഎസ്. ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം നീക്കിവെച്ചത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും ചൂഷണത്തിന് വിധേയരായവര്‍ക്കും വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ശബ്ദം കേരളത്തിന് പ്രിയപ്പെട്ടവരായി.
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായതും വിഎസാണ്. നീട്ടിയും കുറുക്കിയുമുള്ള വിഎസിന്റെ വാക്കുകൾ ജനമനസ്സുകളിൽ പോരാട്ടവും പ്രതീക്ഷയും നിറച്ചു. അഞ്ചുവർഷം മുഖ്യമന്ത്രിയുമായി. പൊതുവേദികളിൽ സജീവമല്ലെങ്കിലും വിശ്രമജീവിതത്തിലും കേരളം വിഎസിനൊപ്പമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here