നവീന്‍ ബാബുവിന്റെ വീട്ടില്‍ നിറഞ്ഞ് സിപിഎം നേതാക്കള്‍; മന്ത്രി മുതല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വരെ; സാന്നിധ്യം കൊണ്ട് മുറിവുണക്കാന്‍ ശ്രമിക്കുമ്പോള്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കാരനാക്കി അപമാനിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ സിപിഎം നേതാക്കളുടെ ഒഴുക്ക്. പത്തനംതിട്ട മലയാലപ്പുഴയിലെ സജീവ സിപിഎം പ്രവര്‍ത്തകരുടെ കുടുംബമാണ് നവീന്റേത്. സിപിഎം വനിതാ നേതാവിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഇതിനെ നേരിടുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ അസാധാരണ പങ്കാളിത്തം.

നവീന്റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ തന്നെ സിപിഎം പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത ഭാഷയില്‍ പിപി ദിവ്യയെ വിമര്‍ശിച്ചിരുന്നു. ആര് എന്ത് പറഞ്ഞാലും നവീന്‍ ബാബു അഴിമതി നടത്തില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. പിന്നാലെ ജില്ലയിലെ മഴുവന്‍ നേതാക്കളും നവീന്റെ വീട്ടിലേക്ക് ഓടിയെത്തി. വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ദിവ്യയെ പൂര്‍ണ്ണമായും തള്ളിപ്പറയാതെ ചെറിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു. ഇതോടെയാണ് നേതാക്കളെയെല്ലാം നവീന്റെ വീട്ടിലേക്ക് അയക്കാന്‍ സിപിഎം തീരുമാനമുണ്ടായത്.

നവീന്റെ മൃതദേഹം കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് എത്തിച്ചപ്പോള്‍ അനുഗമിച്ചത് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജനായിരുന്നു. വീട്ടിലും എത്തിയ ശേഷമാണ് ജയരാജന്‍ മടങ്ങിയത്. ഇന്ന് കളക്ട്രേറ്റിലും വീട്ടിലും നടത്തിയ പൊതുദര്‍ശനത്തില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, കെ രാജന്‍ എന്നിവര്‍ ആദ്യവസാനം ഉണ്ടായിരുന്നു. എംഎല്‍എ ജനീഷ്‌കുമാര്‍, മുൻ എംഎൽഎ രാജു എബ്രഹാം എന്നിവരും മന്ത്രി രാജനും ചേര്‍ന്നാണ് നവീൻ്റെ മൃതദേഹം ചിതയിലേക്ക് എത്തിച്ചത്.

പാര്‍ട്ടി കുടുംബത്തോടൊപ്പം എന്ന സന്ദേശം നല്‍കലാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തുന്നത്. ഈ പങ്കാളിത്ത നാടകം പത്തനംതിട്ടയില്‍ നടക്കുമ്പോള്‍ ഈ മരണത്തിലേക്ക് നവീനെ നയിച്ച പിപി ദിവ്യയുടെ വീടിനെ പ്രതിഷേധക്കാരില്‍ നിന്ന് സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്നതും ഇതേ സിപിഎം തന്നെയാണ്. പേരിന് തള്ളിപ്പറഞ്ഞതല്ലാതെ ദിവ്യക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ ദിവ്യയുണ്ട്. ആത്മഹത്യ പ്രേരണയില്‍ ദിവ്യക്കെതിരെ കേസെടുത്തതു പോലും മൂന്ന് ദിവസത്തിന് ശേഷം മാത്രമാണ്.

ഒരു മനുഷ്യന്റെ മരണത്തിന് കാരണക്കാരിയായ ജനപ്രതിനിധിയെ സംരക്ഷിച്ച് നിര്‍ത്തിയിട്ട് മരണ വീട്ടില്‍ നിരന്നുനില്‍ക്കാന്‍ ഈ നേതാക്കള്‍ക്ക് നാണമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎം എത്ര സംരക്ഷിച്ചാലും സ്വന്തം പിതാവിന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന ആ രണ്ട് പെണ്‍കുട്ടികളുടെ മുഖവും നവീൻ്റെ എരിയുന്ന ചിതയും ദിവ്യയെ വേട്ടയാടുക തന്നെ ചെയ്യും. ഇനി ഒരു മനുഷ്യനോടും അധികാരത്തിന്റെ അഹങ്കാരം കാണിക്കരുതെന്ന മുന്നറിയിപ്പാണ് ഈ കാഴ്ചകള്‍. ട്രാൻസ്ഫർ വാങ്ങി അച്ഛന്‍ നാട്ടിലെത്തിയാൽ ഒന്നിച്ച് സന്തോഷത്തോടെ ജീവിക്കാമെന്ന ഇവരുടെ ചെറിയ വലിയ ആഗ്രഹം ഈ വിധം കെടുത്തിക്കളഞ്ഞതിന് ദിവ്യ ഉത്തരവാദിയാണെന്ന ബോധ്യം ഇനിയെങ്കിലും പാർട്ടിക്ക് ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top