ആല്‍മരം പോലെ അഴിമതി; സിപിഎം വിട്ട് മനുവും അരുണും; നേതൃത്വം മൗനത്തില്‍

ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കടുത്ത പരാജയത്തിന് ശേഷം പാർട്ടിയിൽ നിന്ന് രണ്ട് ചെറുപ്പക്കാർ രാജിവച്ചു. രണ്ടു പേരും പാർട്ടി വിട്ടുപോകാൻ ഉയർത്തിയ കാര്യം ഒന്നു തന്നെയാണ്. സിപിഎമ്മിനുള്ളിൽ ആൽമരം പോലെ പടർന്ന് പന്തലിച്ച അഴിമതിയെ തടയാൻ നേതൃത്വം മാതൃകാപരമായി ഒന്നും ചെയ്യുന്നില്ല എന്ന ഗുരുതര ആരോപണമുയർത്തിയാണ് കണ്ണൂരിലെ ജില്ലാ കമ്മറ്റി അംഗമായ മനു തോമസും പത്തനംതിട്ട ഏനാത്ത് ലോക്കൽ കമ്മറ്റി അംഗമായ അരുൺ കിഴക്കുപുറവും രാജിവെച്ചത്. മനു കഴിഞ്ഞ ഒരു വർഷമായി പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

അരുൺ ഏതാണ്ട് രണ്ട് മാസത്തിലധികമായി പാർട്ടി വേദികളിൽ സജീവമല്ലായിരുന്നു. രാജിക്കത്ത് നല്കിയിട്ടും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് അരുൺ ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടതോടെ പാർട്ടി നേതൃത്വം വെട്ടിലായി. സഹകരണ ബാങ്കിലെ അഴിമതിക്ക് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട അരുണ്‍ കത്ത് നല്‍കിയിരുന്നു. അഴിമതിക്കാരെ സംരക്ഷിച്ച് നിർത്തുന്ന നേതൃത്വമാണ് പത്തനംതിട്ടയിലേത് എന്നും അരുണ്‍ ആരോപിച്ചു. അഴിമതിക്കാർ ജാതിപറഞ്ഞും നേതാക്കളുമായുള്ള ബന്ധുത്വത്തിന്‍റെ ബലത്തിലും പാർട്ടിയിൽ ശക്തരായി തുടരുന്നുവെന്നും അരുൺ ചൂണ്ടിക്കാട്ടി.

കണ്ണൂർ ജില്ലയിൽ പാർട്ടിയുമായി ചേർന്നു നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ നേതൃത്വം നൽകുന്ന സ്വർണ്ണക്കടത്ത് സംഘങ്ങളുണ്ട്. ഇവരുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മനു തോമസ് ജില്ലാ നേതൃത്വത്തിന് രേഖാമൂലം പരാതി നൽകിയിരുന്നു.

ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കിയ വിവരം പുറത്തുവിട്ടത്. ഒരു കൊല്ലം മുമ്പേ താൻ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നുവെന്നാണ് മനു മാധ്യമങ്ങളോട് പറഞ്ഞത്. അഴിമതിയെക്കുറിച്ച് സംസ്ഥാന സെക്രട്ടറിക്ക് നേരിട്ട് നൽകിയ പരാതിയും ഇതിൽ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനും പ്രഹസനമായെന്നും മനു തോമസ് തുറന്നടിച്ചു. മെംബര്‍ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും മനു തോമസ് ഉയർത്തിയ അഴിമതി ആരോപണങ്ങളെക്കുറിച്ച് സിപിഎം നേതാക്കൾ കടുത്ത മൗനത്തിലാണ്. പാർട്ടിയുടെ തണലിലാണ് അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്നത് പരസ്യമായ കാര്യമാണ്.

കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഏറെ വിവാദമായ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ വിവാദത്തില്‍ അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് മനു തോമസ്. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കൊടുംകുറ്റവാളികളാണ് ഇവരെന്നായിരുന്നു മനു തോമസിന്റെ നിലപാട്. ഇതേത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ മനു തോമസും മറ്റും പരസ്യമായി സോഷ്യല്‍മീഡിയയിലൂടെ ഏറ്റുമുട്ടിയിരുന്നു. ഒരു വർഷമായിട്ടും മനു തോമസ് ഉയർത്തിയ വിഷയങ്ങളോട് മുഖം തിരിച്ചു നിൽക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top