കായംകുളത്ത് സിപിഎം നേതൃത്വത്തില്‍ കായല്‍ കയ്യേറ്റം; സ്റ്റോപ്പ്‌മെമ്മോ അവഗണിച്ച് പാര്‍ട്ടി

കായംകുളം: ആലപ്പുഴ ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്തിലെ അനധികൃത കായൽ കയ്യേറ്റത്തിനെതിരെ കോൺഗ്രസ്. സിപിഎം നേതാവും ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ സജീവൻ്റെ നേതൃത്വത്തിലാണ് കായലും പഞ്ചായത്ത് പുറംമ്പോക്കും റോഡും കയ്യേറിയതെന്നാണ് ആരോപണം. ദേവികുളങ്ങര പഞ്ചായത്തും സിപിഎമ്മാണ് ഭരിക്കുന്നത്.

സജീവൻ്റെ ഭാര്യയുടെ പേരിൽ ഇവിടെ 50 സെൻ്റ് സ്ഥലമുണ്ട്. ഇതിനോട് ചേർന്നുള്ള 77 സെൻ്റ് പഞ്ചായത്ത് പുറമ്പോക്കും കായലുമാണ് കയ്യേറിയിരിക്കുന്നത്. ദേവികുളങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കിളിമുക്ക് കടവ് എന്ന് പറയുന്ന സ്ഥലത്താണ് കായല്‍ കയ്യേറ്റം. നികത്തിയ സ്ഥലത്ത് പുതുവത്സരത്തലേന്ന് കോക്ടെയിൽ പാർട്ടിയും ടിക്കറ്റ് വെച്ചുള്ള നിശാപാർട്ടിയും നടത്താനാണ് നീക്കം.

ഡ്രീംസ് സ്കേപ്പ് എന്ന ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനത്തിന് ഒരു വർഷത്തേക്ക് ‘കയ്യേറിയ ഭൂമി’ കൈമാറിയതിന്റെ രേഖകൾ മാധ്യമ സിൻഡിക്കറ്റിന് ലഭിച്ചു. സർക്കാർ സ്റ്റോപ്പ് മെമ്മോ നിലനിൽക്കേ സിപിഎം മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഷാനിയുടെ നേതൃത്വത്തിൽ നടന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പോലീസ് തടഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ട്രാക്ടറും അതിൻ്റെ ഡ്രൈവറെയും കായംകുളം കനകക്കുന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

“ഇവിടെ പഞ്ചായത്ത് വക റോഡ് ഈ കടവ് വരെയുണ്ട്. കടവ് മുതൽ വടക്കോട്ട് 150 മീറ്റർ റോഡുണ്ട്‌. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡൻറ് സജീവൻ്റെ ഭാര്യ വിമലയുടെ പേരിൽ 50 സെൻ്റ് സ്ഥലം അവിടെയുണ്ട്. അത് കരയും കായലും ചേർന്നാണ്. ഒരേക്കർ 27 സെൻ്റ് സ്ഥലമാണ് ആകെ അവർ നികത്തിയത്. ഇത് രണ്ട് വർഷമായി തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനമാണ്. “- കോണ്‍ഗ്രസ്‌ നേതാവും ദേവികുളങ്ങര മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീദേവി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

പഞ്ചായത്ത് റോഡിൻ്റെ അരികിലുള്ളത് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയാണ്. ഇതിനായി ട്രഞ്ചിംഗ് നടത്തിയപ്പോൾ കിട്ടിയ ഏകദേശം നാലുലക്ഷം രൂപ വിലയുള്ള മണ്ണും കടത്തിക്കൊണ്ട് പോകുകയും ഇത് ഉപയോഗിച്ച് സ്ഥലം നികത്തുകയും ചെയ്തു. 150 മീറ്റർ വരുന്ന പഞ്ചായത്ത് റോഡിൻ്റെ 50 മീറ്റർ സ്ഥലവും കയ്യേറി വേലി കെട്ടിയിരിക്കുകയാണ്. പഞ്ചായത്തിൻ്റെ സ്റ്റോപ്പ്മെമ്മോ നിലനിൽക്കുമ്പോഴാണിത്. സിആർഇസഡ് മേഖലയിലാണ് ഈ കയ്യേറ്റം.

സർക്കാർ ഭൂമി അനധികൃതമായി മറ്റ് കാര്യങ്ങളുടെ മറവിൽ കൈക്കലാക്കാനാണ് ശ്രമമെങ്കിൽ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബു മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പ്രദേശത്ത് പതിച്ച സർക്കാർ സ്റ്റോപ്പ് മെമ്മോ കീറിക്കളഞ്ഞിട്ടാണ് കയ്യേറ്റം തുടരുന്നത്. ഇതിനെതിരെ വരും ദിവസങ്ങളിൽ യൂത്ത് ദേവികുളങ്ങര- ആറാട്ടുപുഴ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അരിത ബാബു അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top