സിപിഎമ്മില്‍ ഇനി തെറ്റുതിരുത്തല്‍ കാലം; അടിസ്ഥാന വോട്ടുകള്‍ ചോര്‍ന്നെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകൾ ചോർന്നെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തല്‍. ഇക്കാര്യത്തിൽ ഗൗരവമായ പരിശോധനയ്ക്ക് പാർട്ടി തീരുമാനിച്ചു. കേന്ദ്രകമ്മിറ്റി ചർച്ചയുടെ അടിസ്ഥാനത്തിലുള്ള തെറ്റുതിരുത്തൽ പ്രക്രിയയിലേക്ക് സിപിഎം ഇനി നീങ്ങും. ജനറൽ സെക്രട്ടറിയുടെ മറുപടി പ്രസംഗത്തിനുശേഷം ഇന്ന് ഉച്ചയോടെ യോഗം അവസാനിക്കും.
കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവി തന്നെയാണ് കേന്ദ്രകമ്മിറ്റി യോഗത്തിൽ പ്രാധാന്യം നേടിയത്. എട്ടുവർഷമായി പാർട്ടിയും ഇടതുമുന്നണിയും അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്ന അഭിപ്രായവും ചര്‍ച്ചയില്‍ വന്നു.
2019-ലും പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായി. ശബരിമല യുവതീപ്രവേശ വിധിയെത്തുടർന്ന് അരങ്ങേറിയ വിവാദങ്ങള്‍ തിരഞ്ഞെടുപ്പില്‍ ബാധിച്ചു. എന്നാൽ തിരുത്തൽ പ്രവർത്തനങ്ങളുടെ ഫലമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തില്‍ വന്നു. ഇതേ രീതിയില്‍ ഇത്തവണയും തിരിച്ചുവരാനാകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ബിജെപി കേരളത്തില്‍ 19 ശതമാനത്തില്‍ അധികം വോട്ടുനേടിയതും ഗൗരവതരമാണെന്ന് കേന്ദ്രകമ്മിറ്റി ചൂണ്ടിക്കാട്ടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here