‘ബാറ് നടത്താം, മദ്യപിക്കരുത്’ എംവി ഗോവിന്ദന്റെ സുവിശേഷം; സഖാക്കള്‍ക്ക് പോലും ദഹിക്കാത്ത തിട്ടൂരം; പിന്നാലെ തിരുത്തും

പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് സിപിഎം ഭരണഘടനയില്‍ തന്നെ പറയുന്നുണ്ടെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഗോവിന്ദന്റെ ഈ ‘കോമഡി’ അവകാശവാദത്തിനെതിരെ പാര്‍ട്ടിക്കുള്ളിലും പുറത്തും ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു.

‘ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങള്‍ക്ക് മദ്യപിക്കാന്‍ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാന്‍ പാടില്ല എന്ന ദാര്‍ശനിക കാഴ്ചപ്പാടില്‍ വളര്‍ന്നുവന്നവരാണ് ഞങ്ങള്‍. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ അവരെ പുറത്താക്കും’ എന്നൊക്കെയുള്ള വലിയ അവകാശ വാദങ്ങളാണ് എം വി ഗോവിന്ദന്‍ നടത്തിയത്. ആധുനിക കാലത്ത് തികച്ചും അസാധ്യമായതും ഒരിക്കലും സിപിഎം എന്ന പാര്‍ട്ടിക്ക് നടപ്പാക്കാന്‍ കഴിയാത്തതുമായ സാങ്കല്പ്പിക നിലപാടിനെ കുറിച്ചാണ് പാര്‍ട്ടി സെക്രട്ടറി ആവേശം കൊണ്ട് പ്രഖ്യാപനം നടത്തിയത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം നടത്തിയ വെല്ലുവിളി ഗോവിന്ദന്‍ ഏറ്റെടുക്കുമോ എന്ന് കണ്ടറിയണം. അടുത്ത ആറ് മാസത്തിനുള്ളില്‍ ഒരാളെ യെങ്കിലും മദ്യപാനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എംവി ഗോവിന്ദന് ധൈര്യമുണ്ടോ എന്ന വെല്ലുവിളിയാണ് ബല്‍റാം നടത്തിയത്.
‘എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താല്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കാണിക്കാന്‍ മിസ്റ്റര്‍ എംവി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം. രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതുതലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നത്’ ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് ബാര്‍ നടത്താമെന്നും മദ്യപിക്കുന്നതിനാണ് തടസമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

‘ചവറ എംഎല്‍എയുടെ ( ഡോ. സുജിത്ത് വിജയന്‍ പിള്ള) അച്ഛന്‍ ബാര്‍ നടത്തിയിരുന്നു. സമ്പന്ന കുടുംബാംഗമായിരുന്നു എംഎല്‍എയുടെ അച്ഛന്‍. എംഎല്‍എ എന്ന ചുമതലയാണ് മകന്‍ നിര്‍വഹിക്കുന്നത്. ബാറിന്റെ ചുമതലയല്ല. അങ്ങനെ നിരവധിയാളുകളുണ്ടാകും. ബാര്‍ മുതലാളിമാരുടെ മക്കളൊക്കെ ചിലപ്പോ സിപിഎമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ഡിവൈഎഫ്‌ഐയുടെയുമൊക്കെ ഭാഗമായിട്ടുണ്ടാകും. അങ്ങനെയാകാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്’. എന്നൊക്കെയുള്ള ന്യായീകരണ ക്യാപ്‌സ്യൂളാണ് എംവി ഗോവിന്ദന്‍ പാര്‍ട്ടി സമ്മേളന കാലത്ത് തട്ടിവിടുന്നത്. തങ്ങളുടെ പാര്‍ട്ടി പരമ പരിശുദ്ധന്മാരുടെ പാര്‍ട്ടിയാണെന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

സിപിഎമ്മിന്റെ കണ്ണൂരിലെ പ്രമുഖ നേതാവായിരുന്ന പാട്യം ഗോപാലന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍പി ഉല്ലേഖ് അതിരുക്ഷമായ ഭാഷയിലാണ് ഗോവിന്ദനെ വിമര്‍ശിക്കുന്നത്. ഓപ്പണ്‍ (Open Magazine) മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണ് ഉല്ലേഖ്.

ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞകാര്യം മുന്‍കാല പ്രാബല്യത്തില്‍ നടത്തിനോക്കിയാല്‍ പല പഴയ ജനറല്‍ സെക്രട്ടറിമാരെയടക്കം പുറത്താക്കേണ്ടിവരുമെന്നും, തീരുമാനം പുനഃപരിശോധിക്കണമെന്നും ഉല്ലേഖ് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മദ്യപിക്കരുത് എന്നാണ് പാര്‍ട്ടി നിലപാടെന്നും മദ്യപിക്കുന്നവരുണ്ടെങ്കില്‍ പുറത്താക്കുമെന്നും തങ്ങളാരും ഒരുതുള്ളിപോലും ഇതുവരെ കഴിച്ചിട്ടില്ലെന്നുമാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്. കോണ്‍ഗ്രസിനെ അവരുടെ നേതാക്കള്‍ക്കോ പ്രശ്‌നമല്ലാത്ത മദ്യവിരുദ്ധത എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ഇത്ര ഭീമമായ അച്ചടക്കപ്രശ്‌നമായി കാണണമെന്നും ഉല്ലേഖ് ചോദിക്കുന്നു.

ആചാര്യന്മാര്‍ എല്ലാവരും തന്നെ മദ്യം കഴിക്കുന്നവര്‍ ആയിരുന്നു. ‘മൂലധനം’ വിറ്റ കാശ് അതെഴുതാന്‍ വേണ്ടി താന്‍ കുടിച്ച മദ്യത്തിനും സിഗാറിനും തികഞ്ഞില്ല എന്ന് സാക്ഷാല്‍ മാര്‍ക്‌സ് തന്നെ പറഞ്ഞിട്ടുള്ളതാണ്. സഖാവ് യെച്ചൂരി സിഗരറ്റ് വലിച്ചു അസുഖം വന്നയാളായിരുന്നു. നായനാര്‍ക്ക് ബീഡിവലിക്കാതെ ഉറക്കം വരാത്ത ആളായിരുന്നു. എന്തിനു പറയുന്നു എന്റെ പിതാവ് പാട്യം ഗോപാലന്‍ നാല്‍പത്തിയൊന്നാം വയസ്സില്‍ മരണപ്പെടാനുള്ള കാരണങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ പുകവലിയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്, എന്നാണ് ഉല്ലേഖിന്റെ കുറിപ്പിലുള്ളത്.

മദ്യപാനം പാര്‍ട്ടി അംഗങ്ങള്‍ക്ക് ഹറാമാണെന്ന് പെരുമ്പറ കൊട്ടിപ്പറയുന്ന എം വി ഗോവിന്ദന്റെ പാര്‍ട്ടി ഭരിച്ച 1996- 2001 ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്ലുവാതിക്കല്‍ വ്യാജ മദ്യദുരന്തത്തിന് കാരണക്കാരനായ മണിച്ചന്‍ പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്ന വ്യക്തിയായിരുന്നുവെന്ന് സുപ്രീം കോടതി പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സിപിഎം നേതാവായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഒളിക്യാമറകള്‍ പറയാത്തത്’ എന്ന പുസ്തകത്തില്‍ സവിസ്തരം എഴുതിയിട്ടുണ്ട്.

‘മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മണിച്ചന്റെ ആഡംബര വാഹനം ഉപയോഗിച്ചിരുന്നു എന്ന ആക്ഷേപം ഉയര്‍ന്നു. ഈ ആരോപണങ്ങള്‍ക്ക് നിഷേധം ഉണ്ടായിരുന്നുവെങ്കിലും എന്റെ അന്വേഷണത്തില്‍ ഇത് വെറും ആരോപണമല്ല, തീര്‍ത്തും സത്യമാണ് എന്ന് മനസിലായി’ എന്നാണ് ബെര്‍ലിന്‍ എഴുതിയിരിക്കുന്നത്.
2000 ഒക്ടോബറിലാണ് നാടിനെ നടുക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായത്. മണിച്ചന്‍ എന്ന അബ്കാരി കരാറുകാരന്‍ വിതരണം ചെയ്ത വിഷമദ്യം കഴിച്ച് 31 പേര്‍ മരിക്കുകയും അഞ്ചു പേര്‍ പൂര്‍ണമായും അന്ധരാവുകയും ചെയ്തു.

‘നായനാര്‍ സര്‍ക്കാര്‍ പ്രതികളെ രക്ഷിക്കാനൊന്നും ശ്രമിച്ചില്ല. പക്ഷേ, ഇത്തരം വ്യാജ മദ്യവില്‍പനക്കാര്‍ക്ക് തഴച്ചു വളരാനുള്ള സാഹചര്യം ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്തുണ്ടായി എന്ന കാര്യം നിസാരമല്ല. മണിച്ചനില്‍ നിന്ന് വന്‍ തുക പറ്റുമ്പോള്‍ ആ പണം നേരായ മാര്‍ഗത്തിലുണ്ടാക്കിയതല്ലെന്ന് നേതാക്കള്‍ക്കറിയാമായിരുന്നു. മദ്യ ദുരന്തക്കേസില്‍ മണിച്ച നെ ജീവപര്യന്തം തടവിനും രണ്ടു പേരെ പത്തു വര്‍ഷം തടവിനും ശിക്ഷിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ശരിവെച്ചു കൊണ്ടുള്ള വിധി വന്നത് 2011 ഏപ്രില്‍ നാലിനാണ്.ജസ്റ്റിസുമാരായ സിര്‍പുര്‍ക്കര്‍, സിറിയക് ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റേതായിരുന്നു വിധി. സുപ്രീം കോടതി വിധിയിലെ ചില പരാമര്‍ശങ്ങള്‍ അന്നത്തെ നായനാര്‍ സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. മണിച്ച നെപ്പോലെയുള്ള ഒരാള്‍ക്ക് വ്യാജമദ്യത്തിന്റെ വലിയൊരു സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ സാധിച്ചത് അന്നത്തെ ഭരണ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്‍ബലം കൊണ്ടാണെന്ന് സുപ്രീം കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതൊന്നും പാര്‍ട്ടി ചര്‍ച്ച ചെയ്യാതിരിക്കാനിടയില്ല’ ബെര്‍ലിന്‍ എഴുതിയിട്ടുണ്ട്. (ഒളിക്യാമറകള്‍ പറയാത്തത് – പേജ് 22/23)

അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ പങ്കിനെക്കുറിച്ച് സുപ്രീം കോടതി പറഞ്ഞത് സിപിഎമ്മിന്റെ മുഖം മൂടി വലിച്ചു കീറുന്നതാണ്. എങ്ങനെയാണ് ഒരു ഭരണകൂടം വ്യാജ മദ്യ ലോബിക്ക് ഒത്താശ ചെയ്തു കൊടുത്തുവെന്ന ചരിത്ര രേഖ കൂടിയാണ് വിധിന്യായത്തിലെ 59 ഖണ്ഡിക
Before we part with this case, we must note some very disturbing facts which have been revealed from the voluminous evidence by the prosecution. Here was a person who was unabashedly running his empire of spurious liquor trade and for that purpose had purchased politicians including the public representatives, police officers and other officers belonging to the Excise Department. The trade was going unabated. Unfortunately, it is the elite of the society or the ‘haves’ of the society who never purchase this kind of spurious liquor for the obvious reasons. It is only the poor section of the society which becomes the prey of such obnoxious trade and ultimately suffers.’
(Chandran @ Manichan @ Maniyan vs State Of Kerala on 4 April, 2011)

ഇത്തരം ചരിത്ര സത്യങ്ങള്‍ നില്‍ക്കുമ്പോഴാണ് എം വി ഗോവിന്ദന്റെ കോമഡി പ്രഖ്യാപനങ്ങള്‍. വലിയ വിമര്‍ശനവും പരിഹാസവും ഉയര്‍ന്നതോടെ എംവി ഗോവിന്ദന്‍ ചെറിയ തിരുത്തുമായി രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുത് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും പാര്‍ട്ടിയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് മദ്യം ഉപയോഗിക്കാം എന്നുമാണ് ഗോവിന്ദന്റെ തിരുത്തല്‍ വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top