മന്ത്രി റിയാസിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ പലവിധം; അന്‍വറിന് പിന്നാലെ കാരാട്ട് റസാഖും വിമര്‍ശനം കടുപ്പിക്കുമ്പോള്‍
മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ സിപിഎം നേതാക്കളും സഹയാത്രികരും ആരോപണങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തുകയാണ്. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും റിയാസിന്റെ അപ്രമാദിത്തവും ആധിപത്യവുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് മുന്നണിയില്‍ നിന്നും പുറത്തുപോയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനു പിന്നാലെ സിപിഎം സഹയാത്രികനും മുന്‍ എംഎല്‍എയുമായ കാരാട്ട് റസാഖും റിയാസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയുമായുള്ള അടുപ്പം ഉപയോഗിച്ച് റിയാസ് പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും പിടിമുറുക്കുന്നുവെന്ന ആക്ഷേപം നാളുകളായി അന്തരീക്ഷത്തിലുണ്ട്. റിയാസ് ഇടപെട്ട് താന്‍ കൊണ്ടുവന്ന പല വികസന നടപടികള്‍ അട്ടിമറിച്ചുവെന്ന ആരോപണമാണ് റസാഖ് മുന്നോട്ട് വെക്കുന്നത്. സമാനമായ ആരോപണം നേരത്തെ അന്‍വറും ഉന്നയിച്ചിരുന്നു.
‘പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതു കൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പിവി അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വേണ്ട. ഒരു റിയാസ് മാത്രം മതിയോ?’ അന്‍വര്‍ ചോദിക്കുന്നു. ഇതേചോദ്യം പാര്‍ട്ടിക്കുള്ളിലും ഉയരുന്നുണ്ട്. സമ്മേളന കാലമായതുകൊണ്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉള്‍പാര്‍ട്ടി ചര്‍ച്ചകളില്‍ ഇടം പിടിക്കാനിടയുണ്ട്.
ചില മന്ത്രിമാരുടെ വകുപ്പുകളില്‍ റിയാസ് കൈ കടത്തുന്നുവെന്ന ആക്ഷേപം സര്‍ക്കാര്‍ വൃത്തങ്ങളില്‍ സജീവമാണ്. പിണറായി വിജയനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടാതെ റിയാസിന് നേരെയാണ് മിക്ക നേതാക്കളും പാര്‍ട്ടി ചര്‍ച്ചകളില്‍ ആരോപണങ്ങള്‍ ഉന്നയിയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here