രക്തസാക്ഷിയും ചെങ്കൊടിയും പറഞ്ഞ് മന്ത്രി വീണ; പോസ്റ്റില്‍ പൊങ്കാലയിട്ട് അന്‍വര്‍ അനുകൂലികള്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിവി അന്‍വര്‍ നടത്തിയ രൂക്ഷമായ വിമര്‍ശനത്തിന് മറുപടി എന്ന നിലയിലാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഉയരെ പറക്കും ചെങ്കൊടി, രക്ത സാക്ഷികള്‍ ജീവന്‍ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി എന്നായിരുന്നു പോസ്റ്റ്. ഇതില്‍ പിണറായി വിജയന്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്ന ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇന്നു രാവിലെയാണ് മന്ത്രിയുടെ പോസ്റ്റ് വന്നത്. സിപിഎമ്മിനെ കുറിച്ചുളള അന്‍വറിന്റെ വിമര്‍ശനത്തിനുള്ള പരോക്ഷമായ മറുപടിയായിരുന്നു ഇത്.
എന്നാല്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ വലിയ വിമര്‍ശനമാണ് കമന്റുകളായി വരുന്നത്. കമന്റില്‍ ഭൂരിഭാഗവും മുഖ്യമന്ത്രിയെ വിമര്‍ശിച്ചുളളതാണ്. അന്‍വറിനെ പിന്തുണയ്ക്കുന്ന കമന്റുകളും നിറയുകയാണ്. ഇതില്‍ ചുരുക്കം ചില കമന്റുകള്‍ മാത്രമാണ് അന്‍വറിനെ വിമര്‍ശിച്ചുള്ളത് എന്നത് ശ്രദ്ധേയമാണ്.
രക്തസാക്ഷികള്‍ ജീവന്‍ കൊടുത്തു ചുവപ്പിച്ച ചെങ്കൊടി മകളെ രക്ഷിക്കാന്‍ വേണ്ടി ആര്‍എസ്എസിന്റെ കാല്‍ച്ചുവട്ടില്‍ അടിയറവ് വെച്ച താമരവിജയന്‍, സ്വന്തം ഗുണങ്ങള്‍ക്ക് വേണ്ടി എല്ലാം നശിപ്പിച്ചില്ലേ. സഖാക്കളെ മറന്നാല്‍പ്പിന്നെ പാര്‍ട്ടി ഉണ്ടാകുമോ, എത്ര കാലം ഇങ്ങനെ അടിമയായി ജീവിക്കും സഖാവെ, RSS നേതാക്കളെ കാണാന്‍ പോയ എഡിജിപി ഇപ്പോഴും ആ സ്ഥാനത്തു ഇരിക്കുന്നു അതിനുള്ള മറുപടി മാത്രം തന്നാല്‍ മതി ബാക്കി എല്ലാം അവിടെ നില്‍ക്കട്ടെ, അനീതി കണ്ടാല്‍ എതിര്‍ക്കാന്‍ ഒരു പ്രത്യയശാസ്ത്ര പുസ്തകവും മറിച്ചു നോക്കേണ്ടതില്ല എന്ന ചെഗുവേരയുടെ വാക്യം വരെ കമന്റുകളായി നിറയുകയാണ്.
സിപിഎമ്മിനെ സപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ ഗ്രൂപ്പുകളിലൊന്നും തന്നെ അന്‍വറിനെതിരെ കടുത്ത ആക്രമണങ്ങള്‍ നടക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ സിപിഎമ്മിനെതിരെ തിരിയുന്നവര്‍ക്കെതിരെ രൂക്ഷമായ ആക്രണങ്ങളാണ് സൈബര്‍ ഇടങ്ങളില്‍ നടക്കാറുളളത്. എന്നാല്‍ സിപിഎം കടന്നലുകള്‍ എന്ന് വിശേഷിപ്പിക്കാറുള്ള ഇത്തരക്കാരുടെ നേതാവായാണ് അന്‍വറിനെ വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അന്‍വറിന് ഈ ഗ്രൂപ്പുകളിലെ സ്വാധീനം കൂടി വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here