വീണ ജോര്‍ജിന്റെ തോളിലെ എംപോറിയോ അര്‍മാനി ബാഗിന്റെ വില തേടി സൈബര്‍ ലോകം; കമ്യൂണിസ്റ്റ് മന്ത്രിയുടെ ലളിത ജീവിതം ആശമാര്‍ കാണണം

ലളിത ജീവിതവും ഉയര്‍ന്ന ചിന്തയുമാണ് കമ്യൂണിസ്റ്റുകാരുടെ പ്രധാന സ്വഭാവമെന്ന് പൊതുവെ പറയാറുള്ളത്. ആഡംബര ജീവിതം നയിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെ നടപടി എടുത്തുള്ള പാര്‍ട്ടിയാണ് സിപിഎം. ആപ്പിള്‍ വാച്ചും, മോണ്ട് ബ്ലാങ്ക് പേനയും ധരിച്ചു നടന്നതിന്റെ പേരില്‍ സിപിഎമ്മിന്റെ യുവനേതാവും ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗവും ആയിരുന്ന ഋതബ്രത ബാനര്‍ജിയെ പുറത്താക്കിയ പാര്‍ട്ടിയാണ് സിപിഎം. ഇപ്പോള്‍ ഡല്‍ഹിക്കു യാത്ര പോയ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഹാന്‍ഡ് ബാഗിന്റെ വിലയും ബ്രാന്‍ഡും പരതുന്ന തിരക്കിലാണ് സൈബര്‍ ലോകം.

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാനായി ദില്ലിക്ക് തിരിച്ച വീണ ജോര്‍ജിന്റെ ഹാന്‍ഡ് ബാഗാണ് താരം. കറുത്ത ബാഗിന്റെ സ്ട്രാപ്പില്‍ എംപോറിയോ അര്‍മാനി (Emporio Armani) എന്നെഴുതിയിട്ടുണ്ട്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അര്‍മാനി. 20000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെ റേഞ്ചിലുള്ള എംപോറിയോ അര്‍മാനി ബാഗുകള്‍ ഷോറൂമിലും ആമസോണിലും ലഭ്യമാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു എന്നിവിടങ്ങളില്‍ ഈ ബ്രാന്‍ഡിന് എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ ഉണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബ്രാന്‍ഡുകളിലൊന്നാണ് അര്‍മാനി. ജോര്‍ജിയോ അര്‍മാനി എന്ന ഇറ്റാലിയന്‍ പൗരനാണ് ലോകോത്തര ഫാഷന്‍ ഹൗസ് 1975 ല്‍ സ്ഥാപിച്ചത്. സെലിബ്രിറ്റികളും സമ്പന്നന്‍മാരുമാണ് അര്‍മാനി ബ്രാന്‍ഡിന്റെ ഉപഭോക്താക്കള്‍. 1981-ല്‍ ജോര്‍ജിയോ അര്‍മാനി യുവത്വത്തെ ലക്ഷ്യം വച്ചുകൊണ്ട് ആരംഭിച്ച ഒരു പയനിയറിംഗ് ബ്രാന്‍ഡാണ് എംപോറിയോ അര്‍മാനി. യുവതയുടെ ചലനാത്മകമായ ജീവിതശൈലിക്കായി രൂപകല്‍പ്പന ചെയ്ത കണ്ണടകള്‍, വാച്ചുകള്‍, ആഭരണങ്ങള്‍, ബാഗുകള്‍ എന്നിങ്ങനെ നിരവധി ഐറ്റങ്ങള്‍ എംപോറിയോ അര്‍മാനി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ഈ ബ്രാന്‍ഡില്‍പ്പെട്ട ബാഗാണ് മന്ത്രി വീണ ജോര്‍ജിന്റേതും.

40 ദിവസമായി സമരം നടത്തുന്ന ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഡല്‍ഹിക്ക് പോയത് എന്നായിരുന്നു വീണ ജോര്‍ജ് വ്യക്തമാക്കിയത്. ആശമാരുടെ പ്രതിദിന ഹോണറേറിയം 232 രൂപയില്‍ നിന്നും 700 രൂപയായി വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് 40 ദിവസമായി സമരം നടത്തുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here