മന്ത്രി ഗണേശിനെതിരെ സിപിഎം എംഎല്‍എ; ഇലക്ട്രിക് ബസുകള്‍ നിര്‍ത്തുകയല്ല ലാഭകരമാക്കുകയാണ് വേണ്ടത്; എല്ലാം നയപരമായ തീരുമാനമെന്നും വി.കെ.പ്രശാന്ത്

തിരുവനന്തപുരം : സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസിനായി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന ഗതാഗതമന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം. ഇലക്ട്രിക് ബസുകള്‍ വാങ്ങുന്ന സമയത്ത് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവിന് പിന്നാലെ സിപിഎം എംഎല്‍എയായ വി.കെ.പ്രശാന്തും വിമര്‍ശനവുമായി രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ പ്രതികരണം. തിരുവനന്തപുരത്തെ സോളാര്‍ നഗരമാക്കാനും, മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ചാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്. ഇതിനെ ലാഭകരമാക്കാനും, മെയിന്റനന്‍സ് കൃത്യമാക്കാനുമുള്ള സംവിധാനങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കേണ്ടതെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇലക്ട്രിക് ബസുകള്‍ നിര്‍ത്തരുതെന്നാണ് എംഎല്‍എയുടെ പോസ്റ്റില്‍ കമന്റുകളായി നിരവധിപേര്‍ പ്രതികരിക്കുന്നത്.

കിഫ്ബി വഴി ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ 814 കോടി രൂപയുടെ പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇത് ഉപയോഗിച്ച് വാങ്ങിയ 50 ബസുകളെയാണ് മന്ത്രി പൂര്‍ണ്ണമായും തള്ളിപറഞ്ഞിരിക്കുന്നത്. ഹരിതോര്‍ജ്ജ ബസുകളെന്ന നിബന്ധനയിലാണ് കിഫ്ബി പണം അനുവദിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ 500 ബസുകള്‍ കൂടി വാങ്ങാനായിരുന്നു പദ്ധതി. ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം പദ്ധതിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതുകൂടാതെ പ്രധാനമന്ത്രി ഇ-സേവ പദ്ധതിയിലൂടെ ലഭിക്കുന്ന ഇലക്ട്രിക് ബസുകളുടേയും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ബസുകളുടേയും കാര്യവും അനിശ്ചിതത്വത്തിലാകും.

പൂര്‍ണ്ണമായി ഇലക്ട്രിക് ബസുകള്‍ ഓടുന്ന നഗരമാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നായിരുന്നു ആന്റണി രാജു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണ്ണമായും തള്ളിയാണ് കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്ന പദ്ധതിയില്‍ നിന്നും പിന്മാറുമെന്നാണ് ഗണേശ് കുമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇടതു മുന്നണിയിലും ഇക്കാര്യം ചര്‍ച്ചയാകുമെന്നുറപ്പാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top