പൊളിറ്റിക്കല്‍ സെക്രട്ടറി വലിയ പരാജയമെന്ന് അന്‍വര്‍; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവിടും
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ മിണ്ടില്ലെന്നും രാഷ്ട്രീയാരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും പറഞ്ഞ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന് മനംമാറ്റം. പി.ശശിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വീണ്ടും അന്‍വര്‍ കളംപിടിച്ചിരിക്കുന്നത്.
പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവര്‍ പറഞ്ഞത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ വീണ്ടും ഉന്നയിച്ചത്. അന്‍വര്‍ പറഞ്ഞത് ഇങ്ങനെ: “ഇനി പുറത്തു വിടുക ഈ സർക്കാരിനെയും പാർട്ടിയേയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോർട്ടുകൾ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല.”
“പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. തെളിവുകളടക്കംവെച്ച് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും. സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവൻ ഒരു വിഭാഗം പോലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ശശി വലിയ പരാജയമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ പോസ്റ്റിങ് നടത്തുന്നത് മുഖ്യമന്ത്രി തനിച്ചല്ല’’.
‘‘എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ. പടികൾ മുഴുവൻ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാൻ പറ്റുകയുള്ളൂ.’’ – അൻവർ പറഞ്ഞു.
മലപ്പുറം എസ്പിക്ക് എതിരെ അന്‍വര്‍ തുടങ്ങിവച്ച യുദ്ധം ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും എഡിജിപി അജിത് കുമാറിലേക്കുമാണ് എത്തിയിരിക്കുന്നത്. ആരോപണത്തിന്റെ കൂരമ്പുകള്‍ തിരിയുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കും.
ഒരു ഇടതുഭരണത്തിലും സിപിഎം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലാണ് പാര്‍ട്ടി ഇപ്പോള്‍. എങ്ങനെ ഈ കുരുക്കില്‍ നിന്നും കരകയറാന്‍ കഴിയുമെന്നതിന്റെ സൂചനകള്‍ നല്‍കാന്‍ പോലും പാര്‍ട്ടിക്കും സര്‍ക്കാരിനും കഴിയുന്നില്ലെന്നത് പ്രതിസന്ധിയുടെ ആഴമാണ് വ്യക്തമാക്കുന്നത്. അന്‍വറിന്റെ പിന്നില്‍ അന്‍വര്‍ മാത്രമാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറയുമ്പോഴും സിപിഎമ്മിലും സര്‍ക്കാരിലും സംശയം ബാക്കിയുമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here