എംഎം മണി വാക്ക് കൊണ്ട് വേട്ടയാടുന്നത് പതിവ്; ആത്മഹത്യ ചെയ്ത സാബുവിനെതിരെ നടത്തിയത് ക്രൂര പരാമര്‍ശം; സിപിഎമ്മിന്റെ ‘ഗ്രാമീണശൈലി’ ന്യായീകരണം മതിയാകില്ല

സിപിഎം നേതാവ് എംഎം മണിയുടെ വാക്കുകള്‍ പലപ്പോഴും വലിയ വിവാദങ്ങളുണ്ടാക്കുന്നതാണ്. മറുവശത്ത് നില്‍ക്കുന്നത് എന്ത് ദുരന്തങ്ങള്‍ അനുഭവിക്കുന്നവരായാലും സിപിഎമ്മിന് എതിരായാല്‍ എംഎം മണി ക്രൂരമായ വാക്കുകള്‍ കൊണ്ട് വേട്ടയാടും. നിയമസഭയില്‍ പോലും മണിയുടെ നികൃഷ്ടമായ ഇത്തരം വാക്കുകള്‍ മുഴങ്ങിയിട്ടുണ്ട്. വലിയ വിമര്‍ശനം ഉയരുമ്പോള്‍ മണിയുടേത് ഗ്രാമീണ ശൈലിയെന്ന ന്യായീകരണം നിരത്തിയാണ് സിപിഎം പലപ്പോഴും ഇതിനെ പ്രതിരോധിക്കാറുള്ളത്.
വണ്‍ ടു ത്രി പ്രസംഗമാണ് എംഎം മണിയുടെ വലിയ വിമര്‍ശനം ഉയര്‍ത്തിയ പ്രസംഗങ്ങളില്‍ ഒന്ന്. 2012 മേയ് 25നായിരുന്നു ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിയുടെ മണക്കാട്ടെ വിവാദ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു മണി വിളിച്ചു പറഞ്ഞത്. ബേബി അഞ്ചേരി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചാണു മണി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. ഈ പ്രസംഗത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മണി ജയിലിലും കിടന്നു.
മണിയുടെ ഏറ്റവും നികൃഷ്ടമായ പരാമര്‍ശം മുഴങ്ങിയത് നിയമസഭയിലായിരുന്നു. ക്രൂരമായി കൊലചെയ്യപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെകെ രമക്കെതിരെ ആയിരുന്നു ആ വാക്കുകള്‍. ‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’ ഇതായിരുന്നു എം എം മണിയുടെ പ്രസംഗം. 2022 ജൂലൈ 14നാണ് നിയമസഭയില്‍ ഈ പ്രസംഗം നടത്തിയത്. വലിയ പ്രതിഷേധം പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തി. ടി.പിയെ കൊന്നതും തന്നെ വിധവയെന്ന് വിധിച്ചതും ആരാണെന്ന് കേരളത്തിനറിയാം എന്നായിരുന്നു കെകെ രമ ഇതിനോട് പ്രതികരിച്ചത്. വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും പരമാര്‍ശം തിരുത്താന്‍ എംഎം മണി തയാറായില്ല. രമക്ക് വേദന ഉണ്ടായെങ്കില്‍ എന്ത് വേണം. പരാമര്‍ശത്തില്‍ ഖേദമില്ല, തിരുത്തില്ല എന്നായിരുന്നു മണിയുടെ മറുപടി.
പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കണം എന്ന പ്രസംഗവും മണിയുടെ ഭാഗത്ത് നിന്നുമുണ്ടായി. സിപിഎം സമ്മേളന വേദിയിലായിരുന്നു മണിയുടെ ഈ പ്രസംഗം. ഇതില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും മണി തിരുത്തുകയല്ല ഈ പരാമര്‍ശം ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഗാന്ധിജി തിരിച്ചുതല്ലാഞ്ഞതിനാലാണ് അദ്ദേഹത്തെ വര്‍ഗീയശക്തികള്‍ വെടിവെച്ചുകൊന്നത്. തല്ലുകൊണ്ടിട്ട് വീട്ടില്‍ പോകുന്നതല്ല അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് വീണ്ടും പ്രസംഗിച്ച് മണി നിലപാട് ആവര്‍ത്തിച്ചു.
മണിയുടെ ഭാഗത്ത് നിന്നും ഏറ്റവും അവസാനം ഉണ്ടായത് നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കട്ടപ്പനയിലെ സാബുവിനെതിരെയായിരുന്നു. ഇടുക്കി കട്ടപ്പന റൂറല്‍ ഡിവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റയിലെ നിക്ഷേപതുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാബുവിന് മാനസിക പ്രശ്നമുണ്ടോയെന്ന് അന്വേഷിക്കണം. ചികിത്സ തേടിയിട്ടുണ്ടോയെന്നതും പരിശോധിക്കണമെന്നായിരുന്നു മണിയുടെ പരാമര്‍ശം.
സാബുവിന്റെ മരണത്തില്‍ സി.പി.എം നേതൃത്വത്തിനോ ബാങ്കിന്റെ ഭരണസമിതിയുടെ പ്രതിനിധിയായ വി.ആര്‍ സജിക്കോ പങ്കില്ല. വഴിയെ പോകുന്ന വയ്യാവേലിയെല്ലാം സിപിഎമ്മിന്റെ തലയില്‍ വെക്കരുത്. ഇതുപയോഗിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ ആരും നോക്കണ്ടെന്നുമാണ് മണി മൈക്ക് കെട്ടിവച്ച് പറഞ്ഞത്. അച്ഛനെ നഷ്ടപ്പെട്ട മക്കളുടേയും ഭര്‍ത്താവിനെ നഷ്ടമായ വിധവയുടേയും മുഖ്ത്ത് നോക്കിയാണ് സിപിഎം നേതാവിന്റെ ഈ മോശം പരാമര്‍ശം.
സിപിഎമ്മിന് എതിരായി മിണ്ടിയാലോ, പ്രതിരോധത്തിലാകുന്ന സംഭവമുണ്ടായാലോ കടുത്ത ആക്രമണം ഉണ്ടാകും എന്ന സന്ദേശമാണ് എംഎം മണി ഈ പരാമര്‍ശങ്ങളിലൂടെ നൽകുന്നത്. ഇത് മണിയുടെ ചില പരാമര്‍ശങ്ങങ്ങള്‍ മാത്രമാണ്. സ്വന്തം ശൈലിയിലുള്ള ആംഗ്യവിക്ഷേപങ്ങളുമായി മണിയുടെ പല മോശം പരാമര്‍ശങ്ങളും പലര്‍ക്കുമെതിരേയും ഉണ്ടായിട്ടുണ്ട്. ഇതിനെ ഒരിക്കല്‍ പോലും സിപിഎം തള്ളിപ്പറഞ്ഞിട്ടില്ല. പകരം സിപിഎം സൈബര്‍ ഹാന്‍ഡിലുകള്‍ ഇതിനെ ആഘോഷമാക്കുകയാണ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here