മണിയാശാന്റെ മകള്‍ ഇനി രാജാക്കാട്ട് സിപിഎമ്മിനെ നയിക്കും; നിയമസഭയില്‍ പിന്‍ഗാമിയാകാനുള്ള വഴിയില്‍ സുമ സുരേന്ദ്രന്‍
സുശീല ഗോപാലന്‍, കെആര്‍ ഗൗരിയമ്മ, ടി ദേവി, കെ ശ്രീമതി, എംസി ജോസഫൈന്‍, കെകെ ശൈലജ ഇങ്ങനെ പോകുന്നു സിപിഎമ്മിന്റെ എണ്ണം പറഞ്ഞ് വനിതാ നേതാക്കള്‍. കേരളത്തിലെ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് വനിതകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതും സിപിഎം തന്നെയാണ്. നിയമസഭയിലെ വനിതാ എംഎല്‍എമാരുടെ എണ്ണമെടുത്താല്‍ തന്നെ അത് വ്യക്തമാണ്. എന്നാല്‍ സംഘടനാ ഭാരവാഹിത്വത്തില്‍ അതല്ല സ്ഥിതി. നേരത്തെ പറഞ്ഞ വലിയ നേതാക്കളാരും തന്നെ പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വത്തില്‍ എത്തിയിട്ടില്ല. വിവിധ കമ്മറ്റികളില്‍ അംഗമായിട്ടുണ്ടെങ്കിലും അവിടെയൊന്നും സെക്രട്ടറി കസേരയില്‍ ഇരുത്തിയിട്ടുമില്ല.
ഇതില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഈ രീതിക്ക് മാറ്റം വരുത്താന്‍ സിപിഎം തീരുമാനിച്ചത്. കഴിഞ്ഞ സമ്മേളന കാലത്ത് തന്നെ നിരവധി ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് സിപിഎം വനിതകളെ എത്തിച്ചു. എന്നാല്‍ ഉപരി കമ്മറ്റികളില്‍ ഈ വിപ്ലവം വയനാട് മീനങ്ങാടി ഏരിയാകമ്മറ്റിയില്‍ ഒതുങ്ങി. ബത്തേരി ഏരിയാ കമ്മറ്റി വിഭജിച്ച് രൂപീകരിച്ച മീനങ്ങാട് ഏരിയാ കമ്മറ്റിയില്‍ എന്‍പി കുഞ്ഞുമോളെ സെക്രട്ടറിയാക്കിയതോടെ പുതിയ ചരിത്രമായി. സമ്മേളനത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏരിയാ സെക്രട്ടറിയായി കുഞ്ഞുമോള്‍. നേരത്തെ ആലപ്പുഴയില്‍ ചാരുംമൂട് ഏരിയാ സെക്രട്ടറിയുടെ ചുമതല ജി രാജമ്മക്ക് നല്‍കിയിരുന്നു. ഇത് മാത്രം അവകാശപ്പെടാനുണ്ടായിരുന്ന സിപിഎമ്മിന് ഇത് ഒരു മാറ്റത്തിന്റെ തുടക്കമായി വരെ വിലയിരുത്തി. എന്നാല്‍ ഒന്നും ഉണ്ടായില്ല.
സിപിഎമ്മില്‍ ഇപ്പോള്‍ സമ്മേളന കാലമാണ്. പതിവു പോലെ ബ്രാഞ്ച് സെക്രട്ടറി സഥാനത്തേക്ക് വനിതകള്‍ എത്തുന്നുമുണ്ട്. സമ്മേളനം ബ്രാഞ്ച് തലം കഴിഞ്ഞതോടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ എത്തുന്നത് കുറഞ്ഞു. എന്നാല്‍ ഇതിനെല്ലാം മറുപടിയായി ഒരു വാര്‍ത്ത എത്തിയിരിക്കുന്നത് ഇടുക്കി രാജക്കാട് നിന്നാണ്. ഇന്നലെ സമാപിച്ച രാജക്കാട് ഏരിയാ സമ്മേളനം സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത് സുമ സുരേന്ദ്രനെയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍. മണിയാശാന്റെ അനുഗ്രഹാശിസുകളോടെ ആണ് ഈ സ്ഥാനത്ത് സുമ എത്തിയതെന്നും വിമര്‍ശനമുണ്ട്. ഒരു നേതാവിന്റെ മകള്‍ അല്ലാതെ മറ്റാര്‍ക്കും ഈ പദവിയിലേക്ക എത്താന്‍ കഴിയില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലും സുമ മണിയുടെ പിന്‍ഗാമിയായി എത്തുമെന്ന് ഇപ്പോള്‍ തന്നെ സംസാരമുണ്ട്.
സിപിഎമ്മിലെ പിബി മുതല്‍ ഇങ്ങോട്ട് സ്ത്രീ പ്രാതിനിധ്യം വിരലില്‍ എണ്ണാവുന്നതാണ്. ഏരിയാ സെക്രട്ടറി തലത്തില്‍ തന്നെ വനിതാകള്‍ എത്തുന്നത് വലിയ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടിറി സ്ഥാനങ്ങളെ കുറിച്ചൊന്നും പരിശോധിക്കേണ്ട കാര്യമില്ല. സിപിഎമ്മിന്റെ ഏറ്റവും ഉപരി കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. ബൃന്ദ കാരാട്ടും, സുഭാഷിണി അലിയും. 85 അംഗ കേന്ദ്രകമ്മറ്റിയില്‍ 17 വനിതകളാണുളളത്. അതില്‍ കേരളത്തില്‍ നിന്നുള്ളത് നാലു പേരാണ്. കെകെ ശൈലജ, സിഎസ് സുജാത, പികെ ശ്രീമതി, പി സതീദേവി എന്നിവരാണ്.
കേരളത്തിലെ പാര്‍ട്ടിയിലെ നേതൃത്വം നോക്കിയാല്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ വനിതാകള്‍ ആരുമില്ല. കേന്ദ്ര കമ്മറ്റി അംഗങ്ങളായ നാലുപേര്‍ സ്വാഭാവികമായും സെക്രട്ടറിയേറ്റിലും അംഗമാകും എന്ന് മാത്രമാണ്. സംസ്ഥാന കമ്മറ്റിയില്‍ കേന്ദ്ര കമ്മറ്റിയംഗങ്ങളായവരെ കൂടാതെ 8 വനിതകളാണുളളത്. മന്ത്രിസഭയില്‍ രണ്ടു വനിതകള്‍ മന്ത്രിമാരായുണ്ട്. നിയമസഭയില്‍ മന്ത്രിമാരുള്‍പ്പെടെ 8 വനിതാ എംഎല്‍എമാരും സിപിഎമ്മിനുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here