വഖഫ് ബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും ഊരിപ്പോയി സിപിഎം; പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് സ്പീക്കര്‍ക്ക് അവധി അപേക്ഷ

വഖഫിന്റെ പേരില്‍ ക്രിസ്ത്യന്‍- മുസ്ലീം വിഭാഗങ്ങളില്‍ അസ്വസ്ഥത പുകയുന്നതൊന്നും സിപിഎമ്മിന് പ്രധാന വിഷയമല്ല. നാളെ ലോക്‌സഭയില്‍ വഖഫ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം അംഗങ്ങള്‍ ആരും ഉണ്ടാകില്ല. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേര് പറഞ്ഞ് സ്പീക്കര്‍ക്ക് സിപിഎം അംഗങ്ങള്‍ അപേക്ഷ നല്‍കി. ബില്ലിനെ എതിര്‍ക്കാനോ, പിന്തുണയ്ക്കാനോ നില്‍ക്കാതെ തന്ത്രപരമായ രക്ഷപ്പെടലാണ് സിപിഎം നടത്തിയിരിക്കുന്നത്.
നാളെ മുതല്‍ ഏപ്രില്‍ ആറ് വരെയാണ് മധുരയില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ നാല് ദിവസത്തെ അവധിയാണ് സിപിഎം എംപിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം സഭാ നേതാവ് കെ.രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. കെ.രാധാകൃഷ്ണന്‍, രാജസ്ഥാനില്‍ നിന്നുള്ള അമ്ര റാം, തമിഴ്‌നാട്ടില്‍ നിന്ുള്ള എസ്.വെങ്കിടേശന്‍, ആര്‍.സച്ചിതാനന്ദം എന്നിവരാണ് സിപിഎമ്മിന്റെ എംപിമാര്‍.
സര്‍ക്കാര്‍ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ക്കുകയാണെന്നും ഈ എതിര്‍പ്പ് സഭയില്‍ അവതരിപ്പിക്കേണ്ടതാണെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ കെ.രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. നിര്‍ണായകമായ ബില്ലവതരണം നടക്കുന്ന ഘട്ടത്തിലാണ് സിപിഎം അംഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് പോകുന്നതിലും വിമര്‍ശനമുണ്ട്. കേരളത്തിലെ ക്രൈസ്തവ സംഘടനകള്‍ക്കിടയില്‍ നിന്നും വഖഫ് ബില്ലിനെ എംപിമാര്‍ അനുകൂലിക്കണം എന്നൊരു ആവശ്യം ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നല്ലാം എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സിപിഎമ്മിനെ പാര്‍ട്ടി കോണ്‍ഗ്രസ് സഹായിച്ചിരിക്കുകയാണ്.
ലോക്സഭയില്‍ അവതരിപ്പിക്കുമെന്ന വഖഫ് ഭേദഗതി ബില്ലില്‍ എന്‍ഡിഎയിലെ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാണ്. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, ടിഡിപി, എല്‍ജെപി, ആര്‍എല്‍ഡി പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദത്തിലാണ്. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് ആദ്യത്തെ അഗ്‌നിപരീക്ഷ. ബില്ലിനെ നിതീഷ് കുമാര്‍ പിന്തുണച്ചാല്‍ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറില്‍ ജെഡിയുവിന്റെ മുസ്ലിം വോട്ടുബാങ്കില്‍ വിള്ളല്‍വീഴാനിടയുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here