ലീഗ് സിപിഎമ്മിന് കൈകൊടുക്കുമോ? പലസ്തീന്‍ പരിപാടിയില്‍ പങ്കെടുക്കുമോയെന്ന് കോണ്‍ഗ്രസിന് ആശങ്ക; നിര്‍ണായക യോഗം നാളെ

കോഴിക്കോട്: ശനിയാഴ്ച നടക്കുന്ന മുസ്ലിം ലീഗ് നേതൃയോഗം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകുന്നു. സിപിഎം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യത്തില്‍ ലീഗ് പങ്കെടുക്കണോ എന്ന കാര്യമാണ് യോഗത്തില്‍ തീരുമാനിക്കുക. സിപിഎം പരിപാടിയില്‍ ക്ഷണം വേണമെന്ന് ലീഗ് അങ്ങോട്ട്‌ ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ചത്. ഇത് രണ്ടാം തവണയാണ് ലീഗ്-സിപിഎം ബന്ധം കോണ്‍ഗ്രസിന് തലവേദനയാകുന്നത്.

ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് വിട്ടുനില്‍ക്കുകയായിരുന്നു. പലസ്തീന്‍ സെമിനാറില്‍ പക്ഷെ സ്ഥിതി വ്യത്യസ്തമാണ്. മുസ്ലിം സമൂഹത്തിലുയര്‍ന്നിട്ടുള്ള പ്രതിഷേധവും ഐക്യദാര്‍ഢ്യ പ്രചാരണ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നതും ലീഗില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഇതാണ് സിപിഎം പരിപാടിയില്‍ പങ്കെടുക്കാനുള്ള ലീഗിന്റെ നീക്കത്തിന് പിന്നിലുള്ളത്.

ഏകസിവില്‍ കോഡ് വിഷയത്തില്‍ ലീഗിന് കനത്ത തിരിച്ചടി നല്‍കിയാണ് ഒപ്പം നിലയുറപ്പിച്ച സമസ്ത സിപിഎം സെമിനാറില്‍ പങ്കെടുത്തത്. ലീഗ് പങ്കെടുത്തില്ലെങ്കില്‍ സമസ്തയും പങ്കെടുക്കില്ലെന്ന ലീഗ് നേതാക്കളുടെ കണക്കുകൂട്ടലാണ് അന്ന് തെറ്റിയത്. ഈ പ്രശ്നം ഉയര്‍ത്തിയ അസ്വസ്ഥതകള്‍ ലീഗില്‍ തുടരുമ്പോള്‍ തന്നെയാണ് സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം വരുന്നത്. സമ്മേളനത്തില്‍ ലീഗ് പങ്കെടുക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗ് അങ്ങോട്ട്‌ ക്ഷണം ആവശ്യപ്പെടുകയും സിപിഎം ലീഗിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ നടത്തിയ പട്ടി പരാമര്‍ശവും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.

സി​പി​എമ്മിന്റെ പ​ല​സ്തീ​ൻ പരിപാടിയില്‍ ക്ഷ​ണി​ച്ചാ​ൽ മു​സ്ലിം ​ലീ​ഗ് പ​ങ്കെ​ടു​ക്കു​മെ​ന്ന ഇ.ടി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് വ​രു​ന്ന ജ​ന്മം പ​ട്ടി ആ​ണെ​ങ്കി​ൽ ഇ​പ്പോ​ഴേ കു​ര​യ്ക്ക​ണ​മോ എന്ന സുധാകരന്റെ കമന്റ് വന്നത്. ഈ പ്രശ്നങ്ങളെല്ലാം മുന്നില്‍ നില്‍ക്കവേയാണ് സിപിഎം പരിപാടിയില്‍ പങ്കെടുക്കണോ എന്ന് ആലോചിക്കാന്‍ ലീഗ് നേതൃയോഗം ചേരുന്നത്.

സമസ്ത സിപിഎമ്മുമായി അടുത്തതോടെ ലീഗിനെക്കൂടി ഇടത് പാളയത്തിലെത്തിക്കാന്‍ സിപിഎം ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രസ്താവന ഈ രീതിയിലുള്ള ശക്തമായ നീക്കമായിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള സിപിഎം ശ്രമങ്ങളോട് അനുകൂലമായി മുസ്ലിം സമുദായം പ്രതികരിക്കുന്നതും ലീഗ് ശ്രദ്ധിക്കുന്നുണ്ട്.

പൗരത്വ വിഷയത്തില്‍ സിപിഎം നേട്ടമുണ്ടാക്കിയെന്നും പ്രശ്നം ഏറ്റെടുക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വം മടിച്ചത് മുന്നണിയുടെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും ലീഗ് വിലയിരുത്തിയിട്ടുമുണ്ട്. പാര്‍ട്ടി കഴിഞ്ഞ ആഴ്ച കോഴിക്കോട്ട്‌ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസ് ഭീകരസംഘടന എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗം ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗിനുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. ഇതുകൊണ്ടൊക്കെ തന്നെ ശനിയാഴ്ചത്തെ ലീഗ് നേതൃയോഗം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണ്ണായകമായി മാറുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top