സന്ദീപ് വാര്യര്‍ ഇഫക്ട് സരിനെ ഇറക്കി നേരിടാന്‍ സിപിഎം; എകെജി സെന്ററില്‍ വീണ്ടും അവതരിപ്പിച്ചു; ചുവപ്പ് ഷാള്‍ അണിയിച്ച് ഗോവിന്ദന്റെ സ്വീകരണം

പാലക്കാട്ട് ബിജെപി വിട്ട് പുറത്തേക്ക് വന്ന സന്ദീപ് വാര്യരെ ഒപ്പം കൂട്ടാന്‍ കഴിയാത്തതിന്റെ ജാള്യത വീണ്ടും സരിനെ ഇറക്കി നേരിടാന്‍ സിപിഎം. പാലക്കാട് തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്ത് എത്തി സ്ഥാനാര്‍ത്ഥിയായ പി സരിനെ ഇന്ന് എകെജി സെന്റിറില്‍ വീണ്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ നേരിട്ട് എകെജി സെന്ററിന്റെ കവാടത്തിലെത്തി സരിനെ ചുവപ്പ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഒപ്പം സരിന്‍ പാര്‍ട്ടിയുമായി സഹകരിച്ച് ഇനിയും പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പാലക്കാട്ട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആകുമെന്ന് ധാരണ വന്നപ്പോള്‍ പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തി സരിന്‍ നടത്തിയ പ്രഖ്യാപനം തന്നെയാണ് ഇന്ന് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്. ഇതിനുള്ള സിപിഎം ന്യായീകരണം സരിന്‍ ആദ്യമായാണ് എകെജി സെന്ററില്‍ എത്തുന്നത് എന്നത് മാത്രമാണ്. എംവി ഗോവിന്ദനെ കൂടാതെ കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്‍, മന്ത്രി സജി ചെറിയാന്‍ എന്നിവരാണ് സരിനെ സ്വീകരിച്ചത്. സരിന്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സ്വാഭാവികമായും ആദ്യം സാധിക്കുക. പിന്നീടാണ് സംഘടനാപരമായ പാര്‍ട്ടി മെമ്പര്‍ഷിപ്പിലേക്കും പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനത്തിലേക്കും പൂര്‍ണമായി വരാന്‍ കഴിയുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സന്ദീപ് വാര്യരെ സ്വീകരിച്ച ശേഷം കോൺഗ്രസിൽ കാര്യങ്ങൾ സംഭവ ബഹുലമാണ്. ഘടകകക്ഷികൾ അടക്കം സന്ദീപിന് സ്വീകരണം നൽകുന്നു, സന്ദീപിനെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്തുന്നു… കൂടുതൽ ബിജെപിക്കാർ പാർട്ടിയിലേക്ക് എത്തുന്നുവെന്ന പ്രതീതി സജീവമായി നിലനിൽക്കുകയുമാണ്. ബിജെപിയിൽ നിന്ന് രാജിവച്ച വയനാട് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ളവർ സിപിഎമ്മുമായി ചർച്ച നടത്തുന്നുണ്ട് എങ്കിലും സന്ദീപിനു കോൺഗ്രസും യുഡിഎഫും നൽകിയ പരിഗണനയിൽ ആണ് എല്ലാവരുടെയും കണ്ണ്.

ഇതിലെല്ലാം സിപിഎം കാഴ്ചക്കാരന്റെ റോളിലാണ്. ഇങ്ങനെ തുടര്‍ച്ചയായി രാഷ്ട്രീയ നീക്കങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് തിരിച്ചടിയാകും എന്ന് മനസിലാക്കി തന്നെയാണ്, സരിന്‍ എങ്കില്‍ സരിന്‍ എന്ന തരത്തിൽ വീണ്ടും കൊണ്ടുവന്ന് അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൊണ്ട് കാര്യമായ രാഷ്ട്രീയ നേട്ടമൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ തങ്ങളും ചിത്രത്തിലുണ്ട് എന്ന് കുറച്ച് നേരത്തേക്ക് എങ്കിലും ഒരു പ്രതീതി ഉണ്ടാക്കാന്‍ കഴിഞ്ഞു എന്ന് ആശ്വസിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top