ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ മത്സരിക്കേണ്ടി വരുമെന്ന് എ.കെ.ബാലന്‍; അംഗീകാരത്തിന് വേണ്ടത് കേരളത്തില്‍ പരമാവധി സീറ്റ്; സിപിഎം പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രകമ്മിറ്റി അംഗം

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ചിഹ്നവും അംഗീകാരവും സംരക്ഷിക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. “ഇപ്പോള്‍ ഒരു ചിഹ്നം സിപിഎമ്മിനുണ്ട്. നിശ്ചിത ശതമാനം വോട്ടുകളോ, എംപിമാരോ ഇല്ലെങ്കില്‍ ചിഹ്നവും അംഗീകാരവും നഷ്ടമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുക അവര്‍ക്ക് ഇഷ്ടമുള്ള ചിഹ്നമാകും. ഈനാംപേച്ചി, എലിപ്പെട്ടി, തേള്‍, നീരാളി ചിഹ്നങ്ങളാകും ലഭിക്കുക. ഈ പതനത്തിലേക്ക് എത്തിയാല്‍ സിപിഎം ഇല്ല. ഒരേ ഒരു വഴി ഇടതുമുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക മാത്രമാണ്. ഈ തിരഞ്ഞെടുപ്പ് പിണറായി സര്‍ക്കാരിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്.”- ബാലന്‍ പറഞ്ഞു. കോഴിക്കോട് ഇടത് സ ര്‍വീസ് സംഘടനകളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എ.കെ.ബാലന്‍.

ഇടതുപാര്‍ട്ടികള്‍ പ്രത്യേകിച്ചും സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴമാണ് ബാലന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. കേരളത്തിലുള്ള അംഗീകാരം സിപിഎമ്മിന് ഇന്ത്യയില്‍ ഇപ്പോള്‍ വേറെ ഒരിടത്തുമില്ല. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നായി 11 എംപിമാരെ ജയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേശീയപാര്‍ട്ടി എന്ന അംഗീകാരം സിപിഎമ്മിന് നഷ്ടമാകും. അതല്ലെങ്കില്‍ ദേശീയ തലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ രണ്ട് ശതമാനം വോട്ട് നേടണം. സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിട്ടുണ്ട്. സിപിഎമ്മിനാണ് ഈ അവസ്ഥ വരാന്‍ പോകുന്നതെന്ന് സംസാരമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികസമയം നല്‍കിയതിനാലാണ് ദേശീയപാര്‍ട്ടിപദവി നഷ്ടമാകാതെ നില്‍ക്കുന്നത്. അതുകൊണ്ടാണ് ബാലന്‍ അംഗീകാരത്തിന്റെയും ചിഹ്നത്തിന്റെയും കാര്യം പ്രത്യേകം പറഞ്ഞത്.

കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആറുശതമാനം വോട്ടും നാല് എംപിമാരും ഉണ്ടെങ്കില്‍ ദേശീയ പാര്‍ട്ടി പദവി ലഭിക്കും. മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്‌സഭയില്‍ രണ്ടു ശതമാനം വോട്ട്, പതിനൊന്നോളം സീറ്റ് എന്നതാണ് മറ്റൊരു മാനദണ്ഡം. നാലു സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടി പദവി ഉണ്ടാവുകയാണെങ്കിലും ആ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കും. മൂന്നു സംസ്ഥാനങ്ങളില്‍നിന്നായി 11 എംപിമാരെ കിട്ടാന്‍ കേരളത്തില്‍നിന്ന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്. ഡിഎംകെ പിന്‍ബലത്തില്‍ രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ സിപിഎമ്മിന് രണ്ട് എംപിമാരെ ലഭിക്കും. രാജസ്ഥാന്‍, ബിഹാര്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു സീറ്റ് ലഭിച്ചാല്‍ അത് നേട്ടമാകും. രാജസ്ഥാനില്‍ ഒരു സീറ്റ് ലഭിച്ചേക്കും. നിതീഷ് കുമാര്‍ ഇന്ത്യാ മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ബിഹാറില്‍ സിപിഎമ്മിന് പരിഗണന ലഭിക്കാനിടയുണ്ട്. അതുകൊണ്ട് തന്നെ അംഗീകാരത്തിന്റെ പ്രശ്നത്തില്‍ ഇക്കുറി സിപിഎമ്മിന് ജീവന്‍മരണപോരാട്ടമാണ്. ഇത് മനസിലാക്കി തന്നെയാണ് ബാലന്റെ പരാമര്‍ശം വന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top