ന്യൂനപക്ഷ വോട്ടുതട്ടാന്‍ പത്രപരസ്യങ്ങള്‍; സന്ദീപ് വാര്യരുടെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സിപിഎം
ഒരേസമയം ന്യൂനപക്ഷ- ഭുരിപക്ഷ പ്രീണന നയവുമായി തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സിപിഎമ്മിന്റെ നീക്കം ഫലം കാണുമോ? പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഭൂരിപക്ഷ വോട്ടര്‍മാരെ പാട്ടിലാക്കുന്നതോടൊപ്പം സന്ദീപ് വാര്യരുടെ പൂര്‍വാശ്രമ കഥകള്‍ വാരിയിട്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാന്‍ പറ്റുമോ എന്ന തന്ത്രമാണ് പാലക്കാട് ഇടത് മുന്നണി പരീക്ഷിക്കുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായാണ് മുസ്ലീം സംഘടനകളുടെ കീഴിലുള്ള രണ്ട് പത്രങ്ങളില്‍ നല്കിയിരിക്കുന്ന തിരഞ്ഞെടുപ്പ് പരസ്യം.
പാലക്കാട്ടെ 20 ശതമാനത്തോളം വരുന്ന മുസ്ലീം ന്യൂനപക്ഷ വോട്ട് സമാഹരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പിന്റെ തലേന്ന് സുപ്രഭാതം, സിറാജ് എന്നീ പത്രങ്ങളില്‍ പരസ്യം നല്കിയിരിക്കുന്നത്. ഇരുവിഭാഗം സമസ്തകളുടെ മുഖപത്രങ്ങളിലെ എല്‍ഡിഎഫ് പരസ്യത്തിന്റെ ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമാണ്.
സന്ദീപ് വാര്യർ ബിജെപിയുമായി ഇടഞ്ഞു നിന്ന ഘട്ടത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ രണ്ടു കൈയും നീട്ടി നില്കയായിരുന്നു സിപിഎം. ‘ക്രിസ്റ്റല്‍ ക്ലിയറായ രാഷ്ടീയക്കാരന്‍ എന്നാണ് സന്ദീപ് എന്നൊക്കെ സ്തുതി വചനങ്ങള്‍ പറഞ്ഞ പാര്‍ട്ടി നേതാക്കള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടി. പുതിയ പത്ര പരസ്യത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. ന്യൂനപക്ഷ ജനസാമാന്യങ്ങളില്‍ സന്ദീപിന്റെ പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച് അവിശ്വാസവും അസ്വസ്ഥതയും സൃഷ്ടിക്കുക എന്ന തന്ത്രമാണ് തുടര്‍ച്ചയായി പ്രയോഗിക്കുന്നത്. ‘ഈ വിഷനാവിനെ സ്വീകരിക്കുകയോ, ഹാ കഷ്ടം!’ എന്ന തലക്കെട്ടിലുള്ള പരസ്യങ്ങള്‍ സമസ്തയുടെ സുപ്രഭാതത്തിലും എ.പി വിഭാഗത്തിന്റെ സിറാജിലും നല്‍കിയിരിക്കുന്നത്.
വര്‍ഗീയത ഉപയോഗിച്ച് വോട്ട് തട്ടുന്ന പാര്‍ട്ടികളുടെ അതേ തന്ത്രം പയറ്റുകയാണ് മതേതര പാര്‍ട്ടിയായ സിപിഎമ്മും. ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേര്‍ന്ന സന്ദീപ് വാര്യരുടെ പഴയകാല ഫെയിസ്ബുക്ക് പോസ്റ്റുകളും ചാനല്‍ ചര്‍ച്ചകളിലെ വര്‍ഗീയത കലര്‍ന്ന പഞ്ചു ഡയലോഗുകളും കൂട്ടിയിണക്കിയ ഇടത് പത്രപരസ്യങ്ങളുടെ ഉദ്യേശ്യം ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണം തന്നെയാണ്. അതിലുപരി വര്‍ഗീയ കാര്‍ഡിറക്കി വോട്ട് പെട്ടിയിലാക്കുക എന്ന ആപത്കരമായ അടവുനയമാണ് പയറ്റുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പു കാലത്ത് ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യമാക്കി ദീപികയിലും സുപ്രഭാതത്തിലും സിപിഎം നല്‍കിയ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ വലിയ വിവാദമായിരുന്നു.
സിപിഎം നല്‍കിയ പത്രപരസ്യത്തിലെ പല പോസ്റ്റുകളും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കു മെന്നും സന്ദീപ് വാര്യര്‍ മാധ്യങ്ങളോട് പറഞ്ഞു. പല പോസ്റ്റുകളും സിപിഎം കൃത്രിമമായി നിര്‍മ്മിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ബിജെപിയെ പോലെ സിപിഎമ്മും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ഇതിനെതിരെ പാര്‍ട്ടിയുമായി ആലോചിച്ച് പരാതി നല്‍കുമെന്നാണ് വാര്യർ പറയുന്നത്. പരാതി ഉണ്ടെങ്കില്‍ കേസു കൊടുക്കട്ടെ എന്നാണ് സിപിഎം പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here