കച്ചവടംപൂട്ടിച്ച് സിപിഎം വീണ്ടും; ഹോംസ്റ്റേക്കായി ഒരുകോടി മുടക്കിയവർ പെരുവഴിയിൽ സമരമിരിക്കുന്നു

കോട്ടയം : ഒരു കോടി മുടക്കി ആരംഭിച്ച സംരംഭം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യേണ്ട ഗതികേടിലാണ് കോട്ടയം
പാറമ്പുഴയിലെ കുരുവീസ് ഹോംസ്‌റ്റേ ഉടമകള്‍. സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധവും ബോര്‍ഡ് സ്ഥാപിച്ചുളള പ്രചരണവും ഗുണ്ടായിസവുമാണ് തങ്ങളെ ഈ നിലയിലെത്തിച്ചതെന്നാണ് ഹോംസ്‌റ്റേ ഉടമ ബിനു കുര്യന്‍ ആരോപിക്കുന്നത്. ഹോംസ്‌റ്റേയില്‍ എത്തിയ മകളെ സിപിഎം ഗുണ്ടകള്‍ ആക്രമിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. കോടതി നിര്‍ദ്ദേശം പോലും നടപ്പാക്കുന്നില്ല. സിപിഎം സമ്മര്‍ദ്ദത്തില്‍ ലൈസന്‍സ് നല്‍കാതെ കോണ്‍ഗ്രസ് ഭരിക്കുന്ന വിജയപുരം പഞ്ചായത്ത് പീഡിപ്പിക്കുന്നു. ഇങ്ങനെ നിരവധി പരാതികളാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. പോലീസിന്റെ ഭാഗത്തു നിന്നും നീതി ആവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ ബിനു കുര്യനും ഭാര്യ സുധ കുര്യനും നവംബർ 27 തിങ്കളാഴ്ച പ്രത്യക്ഷ സമരം നടത്തി. രണ്ടാഴ്ച മുമ്പാണ് പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജ്ജ് 25 കോടി മുടക്കി ആരംഭിച്ച സംരംഭത്തിന് കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍ പഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സത്യഗ്രഹം നടത്തിയിരുന്നു. സ്വന്തം നാട്ടില്‍ കോടികളുടെ നിക്ഷേപം നടത്തിയിട്ടും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്റെ സ്ഥാപനത്തിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

അനാശാസ്യമെന്ന് നാട് നീളെ ബോര്‍ഡ്

2012ല്‍ ആരംഭിച്ചതാണ് കുരുവീസ് ഹോംസ്‌റ്റേ. എന്നാല്‍ 2021ല്‍ ഒരു കോടി രൂപ മുടക്കി നവീകരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഹോംസ്‌റ്റേക്ക് സമീപമുളള സിപിഎം പ്രവര്‍ത്തകര്‍ നവീകരണത്തിന് പിന്നാലെ തന്നെ ഉപദ്രവവും തുടങ്ങിയെന്ന് ബിനു കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 2012 മുതല്‍ 2022 വരെ ലൈസന്‍സോടു കൂടി പ്രവര്‍ത്തിച്ച സ്ഥാപനത്തിനു നേരെ അന്ന് മുതല്‍ വ്യാജ പ്രചരണം ആരംഭിച്ചു. കൂടാതെ ഗസ്റ്റിനെ തെറി വിളിക്കുക, വാഹനം തടയുക, ഭീഷണിപ്പെടുത്തുക, പോലിസിനെ വിളിച്ച് വരുത്തി അതിഥികളെ ഭീഷണിപ്പെടുത്തുക, കമ്പിവടിയടക്കമുളള മാരാകായുധങ്ങളുമായി വന്ന് ആക്രമിക്കുന്നത് പതിവാണ്. കോടതില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കാനാകാത്ത സ്ഥിതിയാണ്. ഹോം സ്‌റ്റേയിലെത്തിയ മകളേയും സുഹൃത്തുക്കളേയും സിപിഎം പ്രവര്‍ത്തകരും ഗുണ്ടകളും ആക്രമിച്ചു. ഇതിനെതിരെ പരാതി കൊടുത്ത് 35 ദിവസമായിട്ടും കേസെടുത്തില്ല. കോടതിയെ സമീപിച്ചാണ് കേസെടുപ്പിച്ചത്. പരാതി സംബന്ധിച്ച് ഒരന്വേഷണം പോലുമില്ലെന്ന് ബിനു പറഞ്ഞു.

ലൈസന്‍സ് നല്‍കാതെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തും

സംരഭത്തെ തകര്‍ക്കാനുളള നീക്കത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുകയാണെന്ന് ബിനു വര്‍ഗ്ഗീസ് ആരോപിച്ചു. ആരോ കൊടുത്ത പരാതിയുടെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന വിജയപുരം പഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. 10 വര്‍ഷമായി ഒരു കേസൊ പരാതിയോയില്ലാത്ത സ്ഥാപനത്തിനെതിരെ പോലീസുകാരെ ഉപയോഗിച്ച് വ്യാജ പരാതി കൊടുക്കയാണ് ചെയ്തതെന്നാണ് ബിനുവിന്റെ ആരോപണം. വിജയപുരം പഞ്ചായത്തിന്റെ മുന്‍ സെക്രട്ടറി ഇടത് യുണിയന്‍ നേതാവാണ്, അയാളെ സ്വാധീനിച്ചാണ് ലൈസന്‍സ് റദ്ദാക്കിയത്. ലൈസന്‍സ് കളഞ്ഞപ്പോള്‍ വാടക ചീട്ടെഴുതി പ്രവര്‍ത്തനം തുടര്‍ന്നപ്പോഴാണ് അനാശാസ്യമെന്ന ബോര്‍ഡ് വച്ച് പ്രചരണം തുടങ്ങിയത്. അനാശാസ്യ പ്രവൃത്തനത്തിനും ഗുണ്ടായിസത്തിനും എതിരെ നാട്ടില്‍ സമാധാനം സ്ഥാപിക്കാന്‍ ലൈസന്‍സില്ലാതെ പ്രവൃത്തിക്കുന്ന കുരുവി സ് നെസ്റ്റ് ഹോംസ്‌റ്റേ നിര്‍ത്തലാക്കുക എന്നാണ് സിപിഎമ്മിന്റെ പേരില്‍ നാട് നീളെ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനവും നടത്താത്ത തങ്ങളെയാണ് ഇങ്ങനെ ഉപദ്രിവിക്കുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് 4 പേജുള്ള ഒരു കത്ത് നല്‍കിയെങ്കിലും ഒന്ന് വായിച്ച് നോക്കാന്‍ പോലും തയാറായില്ല. ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടെങ്കിലും ചര്‍ച്ചയ്‌ക്കെന്ന പേരില്‍ വിളിച്ചു വരുത്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. ഇതോടെ ഭയപ്പെട്ട് ഇറങ്ങി പോരുകയാണ് ചെയ്തതെന്ന് ബിനു കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇത്ര ഏറെ പണം മുടക്കി ഒരു സംരംഭം ഞങ്ങളുടെ ഗതിയിതാണ്. ഇനി ആരെങ്കിലും ഈ നാട്ടില്‍ പണം മുടക്കാന്‍ വരുമോ? സുധാ കുര്യനും ബിനുവും ചോദിക്കുന്നു.

നിയമപരമായി ചെയ്യേണ്ട്ത് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ്

ഹോംസ്‌റ്റേയ്ക്ക് ലൈസന്‍സ് അനുവദിച്ചില്ലെന്ന ഉടമയുടെ പരാതി ശരിയല്ലെന്നാണ് വിജയപുരം ഗ്രാമ പഞ്ചായത്തിന്റെ ഔദ്യോഗിക പ്രതികരണം. ഈ മാസം എട്ടിനാണ് കുരുവീസ് നെസ്റ്റ് ഉടമ ലൈസന്‍സിന് അപേക്ഷ നല്‍കിയത്. 16ന് തന്നെ അപേക്ഷയിലെ വിവരങ്ങള്‍ അപൂര്‍വ്വമാണെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതായി വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമന്‍കുട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഹോംസ്‌റ്റേയ്ക്ക് ലെസന്‍സ് നല്‍കേണ്ടത് പഞ്ചായത്തല്ല, ടൂറിസം വകുപ്പാണ്. ലോഡിജിങ്ങ് ആന്റ് ഹൗസിങ്ങ് എന്ന വിഭാഗത്തിലാണ് ലൈസന്‍സ് അനുവദിക്കേണ്ടത്. ഇതിന് അയല്‍വാസികളുടെ പരാതി പാടില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. 2021ല്‍ തന്നെ സ്ഥാപനത്തിനെതിരെ പരാതിയുര്‍ന്നിരുന്നു. പോലീസ് കേസും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ലൈസന്‍സ് പുതുക്കാത്തത്. പഞ്ചായത്തിനോട് ഉചിതമായ തീരുമാനമെടുക്കാമെന്ന് ആവശ്യപ്പെട്ട് പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കമെന്നും സോമന്‍കുട്ടി വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top