ഗണേഷ് കുമാർ പൊട്ടിത്തെറിച്ചു, മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സിപിഎം തൽക്കാലം ഏറ്റെടുക്കില്ല
തിരുവനന്തപുരം: സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പദവി തൽക്കാലം കേരളാ കോൺഗ്രസ് (ബി)യിൽ നിന്ന് സി.പി.എം ഏറ്റെടുക്കില്ല. കെ.ബി.ഗണേഷ് കുമാറിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നാണിത്. മുന്നാക്ക കോർപ്പറേഷൻ ചെയർമാനായി അഡ്വ. എം.രാജഗോപാലിനെ നിയമിച്ച വിവരം കഴിഞ്ഞ ദിവസം ‘മാധ്യമ സിൻഡിക്കറ്റ് ‘ പുറത്തുവിട്ടിരുന്നു.
ഇടതു മുന്നണി യോഗത്തിൽ വച്ച് ചർച്ച ചെയ്യാതെ എടുത്ത തീരൂമാനം അംഗീകരിക്കാനാവില്ലെന്ന് പാർട്ടി ചെയർമാൻ കെ.ബി.ഗണേഷ് കുമാർ ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജനെ രേഖാമൂലം അറിയിച്ചു. തുടർന്നാണ് മരവിപ്പിക്കൽ നിർദ്ദേശം വന്നത്. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് തൊട്ട് തലേ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത് എന്നുള്ളതും ശ്രദ്ധേയമാണ്.
എം രാജഗോപാലൻ നായരെ ചെയർമാനാക്കി ഭരണസമിതി സർക്കാർ പുനസംഘടിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ തീരുമാന പ്രകാരമായിരുന്നു. പാർട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതിൽ കേരള കോൺഗ്രസ് (ബി)ക്ക് അതൃപ്‌തിയുണ്ട്. ഗണേഷ്‌കുമാറും സിപിഎമ്മുമായി നടക്കുന്ന ഉലച്ചിലിന്റെ ആദ്യ പ്രതികരണമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.