‘തൂണിലുംതുരുമ്പിലും ദൈവം, മണ്ണിലും ജനമനസ്സിലും സഖാവ്’; പി ജയരാജനെ വാനോളം പുകഴ്ത്തി കണ്ണൂരില്‍ വീണ്ടും ഫ്ലക്സ്

പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ പ്രതീക്ഷിച്ചത് കേന്ദ്രകമ്മറ്റിയിലേക്കുള്ള പ്രവേശനം. എന്നാല്‍ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജയരാജനെക്കാള്‍ ജൂനിയറായവര്‍ കേന്ദ്രകമ്മറ്റിയില്‍ എത്തിയതോടെ അണികള്‍ പരസ്യ പ്രതിഷേധം തുടങ്ങിയിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു.

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നില്‍ക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റെഡ് യങ്‌സ് കക്കോത്ത് എന്ന പേരിലാണ് ബോർഡ്. ഇക്കാര്യത്തില്‍ സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജന്‍ അനുകൂലികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രായപരിധി മാനദണ്ഡം മൂലം ഇനിയൊരു അവസരം ജയരാജനില്ല എന്നതു കൊണ്ട് തന്നെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ ജില്ലാ നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തി. പ്രതിഷേധം അതിരുവിടാതിരിക്കാനും പരസ്യമായ വിമര്‍ശനങ്ങളിലേക്ക് കടക്കാതിരിക്കാനും പ്രത്യേക ശ്രദ്ധപുലര്‍ത്തി. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിലും അവഗണിക്കപ്പെട്ടതോടെ പരസ്യമായ പ്രതിഷേധവുമായി ജയരാജന്‍ അനുകൂലികള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഇത് പരിധിവിടാതിരിക്കാനുള്ള ജാഗ്രതയിലാണ് സിപിഎം നേതൃത്വം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top