മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് എ പദ്മകുമാര്‍; നടപടിയെ ഭയപ്പെടുന്നില്ല, പുറത്താക്കുന്നെങ്കില്‍ ആക്കട്ടെ; സമ്മേളനത്തിന് പിന്നാലെ സിപിഎമ്മില്‍ കലാപം

സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താതില്‍ പ്രതിഷേധം കടുപ്പിച്ച് എ പദ്മകുമാര്‍. മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. തന്റെ 52 വര്‍ഷത്തെ സംഘടനാപ്രവര്‍ത്തനത്തേക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷം. എന്നാണ് പദ്മകുമാറിന്റെ പ്രതികരണം.
പാര്‍ട്ടി നടപടി എടുക്കുമെന്ന് ഭയപ്പെടുന്നില്ല. പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. സിപിഎം വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് തോന്നിയ ഒരു അഭിപ്രായം പറയുകയാണ് ചെയ്തത്. പത്തനംതിട്ടയില്‍നിന്ന് കെപി ഉദയഭാനുവും രാജുഎബ്രഹാമും സംസ്ഥാന സമിതിയില്‍ വന്നു. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ സംഘടനാരംഗത്ത് ഒരുകാര്യവും ചെയ്യാത്തയാളാണ് വീണാ ജോര്‍ജ്. അവരെ ഇവിടെ സ്ഥാനാര്‍ഥിയാക്കാന്‍ നമ്മള്‍ പോയി കണ്ടുപിടിച്ച് കൊണ്ടുവന്നയാളാണ്. അങ്ങനെയൊരാള്‍ രണ്ടുതവണ എംഎല്‍എയാകുന്നു. പെട്ടെന്ന് മന്ത്രിയാകുന്നു. അവരെപ്പോലെ ഒരാളിനെ പാര്‍ലമെന്ററിരംഗത്തെ പ്രവര്‍ത്തനം മാത്രം നോക്കി പാര്‍ട്ടിയിലെ ഉന്നതഘടകത്തില്‍ വെയ്ക്കുമ്പോള്‍ സ്വഭാവികമായും ഒട്ടേറെപേര്‍ക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.
അച്ചടക്ക നടപടി നേരിട്ടാലും പാര്‍ട്ടിയില്‍ തന്നെ തുടരും. 15-ാം വയസ്സില്‍ എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തകനായാണ് വരുന്നത്. ഇനിയിപ്പോള്‍ വയസ്സാംകാലത്ത് വേറെയൊരു പാര്‍ട്ടി നോക്കാനില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്ന് പദ്മകുമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here