പലസ്തീന്‍ പ്രശ്നത്തില്‍ ഇടത്-വലത് മുന്നണികള്‍ യോജിക്കണം; അതിന് വലിയ ഇംപാക്റ്റുണ്ടെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: സിപിഎം ക്ഷണിച്ചാല്‍ പലസ്തീന്‍ ഐക്യദാർഢ്യ റാലിയില്‍ ലീഗ് പങ്കെടുക്കുമെന്നുള്ള പ്രസ്താവനയ്ക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എംപി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പലസ്തീന്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രശ്നമാണ്. ഈ കാര്യത്തില്‍ യോജിപ്പിന്റെ അന്തരീക്ഷം കേരളത്തില്‍ ഉയര്‍ന്നു വരണം.

കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ ഒന്നിച്ച് നില്‍ക്കുമ്പോള്‍ അതിനു വലിയ ഇംപാക്റ്റുണ്ട്. സമസ്ത സിപിഎമ്മുമായി സഹകരിക്കുന്നത് മറ്റൊരു രീതിയില്‍ നോക്കിക്കാണേണ്ടതുണ്ട്. പലസ്തീന്‍ സിപിഎം പരിപാടിയില്‍ അവസാന തീരുമാനം പാര്‍ട്ടിയാണ് എടുക്കേണ്ടതെന്ന് താന്‍ അന്ന് തന്നെ പറഞ്ഞിരുന്നു-ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

സിപിഎമ്മിന്റെ പലസ്തീന്‍ റാലിയിലേക്ക് ക്ഷണിച്ചതില്‍ സന്തോഷമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ലീഗ് നേതാക്കളുടെ കൂടിയാലോചനകള്‍ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനം നടത്തിയത്. യുഡിഎഫിലെ കക്ഷി എന്ന നിലയില്‍ സാങ്കേതികമായി റാലിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും റാലി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് ഇ.ടി.മുഹമ്മദ്‌ ബഷീറിനൊപ്പമിരുന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ സാങ്കേതികമായി ഞങ്ങള്‍ക്ക് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഇത്തരമൊരു പരിപാടി നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും പലസ്തീന്‍കാര്‍ക്ക് പിന്തുണ നല്‍കണം. ഇ.ടി. പറഞ്ഞതും ആ അർഥത്തിലാണ്. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലർത്തണ്ട കാര്യമില്ലെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top