പഴനി ആണ്ടവനെ കാണാം, പാർട്ടി കോൺഗ്രസിലും പങ്കെടുക്കാം… സിപിഎം ഭരിക്കുന്ന കൊടക്കാട് സഹകരണ ബാങ്കിൻ്റെ വിപ്ലവ- തീർത്ഥയാത്ര

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കാറൽ മാർക്സ് മുത്തപ്പൻ പറഞ്ഞതൊക്കെ പാർട്ടിക്കാർ തരംപോലെ വിഴുങ്ങുന്ന കാലമാണ്. ദൈവനിഷേധികളെന്ന വിളികേൾക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത കൂട്ടരാണിന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ). ഭക്തസംഘടനകളുടെയൊക്കെ തലപ്പത്ത് കയറിക്കൂടാനും ക്ഷേത്രക്കമ്മറ്റികളിൽ അംഗമാകാനുമൊന്നും പഴയതുപോലെ വിലക്കില്ലെന്ന് മാത്രമല്ല, പലയിടത്തും നേതൃത്വം അതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
സിപിഎമ്മിൻ്റെ 24-ാം പാർട്ടി കോൺഗ്രസ് 2025 ഏപ്രിൽ രണ്ട് മുതൽ ആറ് വരെ തമിഴ്‌നാട്ടിലെ മധുരയിലാണ് നടക്കുന്നത്. ഇതിനോട് അനുബന്ധിച്ച് കാസർകോട് ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള കൊടക്കാട് ബാങ്ക് സംഘടിപ്പിക്കുന്ന ടൂർപരിപാടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഴനി അടക്കം തമിഴ്നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം, പാർട്ടി കോൺഗ്രസ് വേദിയിലും പോകാമെന്നാണ് ടൂർ സംഘടിപ്പിക്കുന്ന ബാങ്കിൻ്റെ ഓഫർ.

ഏപ്രിൽ നാലിന് വൈകിട്ട് പുറപ്പെട്ട്, അഞ്ചാം തീയതി പഴനി സുബ്രമണ്യ സ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി ഉച്ചഭക്ഷണത്തിന് ശേഷം പാർട്ടി കോൺഗ്രസ് നടക്കുന്ന വേദിയിലെത്താം. നേതാക്കളുടെ വമ്പൻ വിപ്ലവ പ്രഖ്യാപനങ്ങളും താത്വിക അവലോകനങ്ങളും കേൾക്കാം, കാണാം. കേഡർമാർക്ക് ഭഗവത് ദർശനത്തിനൊപ്പം വിപ്ലവ നേതാക്കളെ അടുത്തു കാണാനും കഴിയുമെന്നതാണ് പ്രത്യേകത.
ശേഷം രാമേശ്വരത്തേക്ക് തിരിക്കും. രാമനാഥസ്വാമി ക്ഷേത്രത്തിൽ തൊഴുത് പ്രാർത്ഥിച്ച് സകല പാപങ്ങളും കഴുകിക്കളയാം. അന്ന് രാത്രി അവിടെ എസി മുറിയിൽ ഉറങ്ങാം. പിറ്റേന്ന് രാവിലെ ആറിന് പ്രഭാത ഭക്ഷണത്തിന് ശേഷം പാമ്പൻ പാലം, എപിജെ അബ്ദുൾ കലാം മ്യൂസിയം, ധനുഷ്കോടി ഒക്കെ സന്ദർശിക്കും. വൈകിട്ടത്തെ ചായയും കുടിച്ച് നാട്ടിലേക്ക് തിരിക്കും. യാത്രക്കിടെ അത്താഴവും കഴിച്ച് പിറ്റേന്ന് കാലത്ത് തിരിച്ചെത്തും വിധമാണ് വിപ്ലവ-തീർത്ഥയാത്ര ബാങ്കിലെ സഖാക്കൾ പ്ലാൻ ചെയ്തിരിക്കുന്നത്.

4,700 രൂപയാണ് യാത്രാ ചെലവായി ഈടാക്കുന്നത്. എസി ബസിൽ യാത്രയും എസി മുറിയിൽ താമസവും ഭക്ഷണവും സംഘാടകർ ഓഫർ ചെയ്യുന്നുണ്ട്. പാർട്ടി കോൺഗ്രസിൻ്റെ മറവിൽ ദേവീദേവന്മാരെ സന്ദർശിക്കുകയാണ് പരിപാടിയെന്നാണ് സോഷ്യൽ മീഡിയായിലെ പരിഹാസം. കാസർകോട്ടെ സഖാക്കൾ ചേരിതിരിഞ്ഞ് ഭക്തിയാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തകർപ്പൻ കമൻ്റുകളെഴുതി കൊഴുപ്പിക്കുന്നുമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here