പത്തനംതിട്ട സിപിഎമ്മില്‍ പുകയുന്ന അമര്‍ഷം പലരീതിയില്‍ പുറത്ത്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ വിവാദം സുചനയോ?

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയും അതിലെ പാര്‍ട്ടി നിലപാടും പത്തംനംതിട്ട സിപിഎമ്മില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ചും പിപി ദിവ്യയെ സംരക്ഷിച്ചുളള കണ്ണൂര്‍ ഘടകത്തിന്റെ നിലപാടില്‍. ഇതിലെ അതൃപ്തി ജില്ലാ സെക്രട്ടറി ഉദയഭാനു അടക്കമുളള പല നേതാക്കളും പരസ്യമായി തന്നെ പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബം അടിയുറച്ച സിപിഎമ്മുകാരാണെന്നതും ആ കുടുംബത്തിനുള്ള സ്വീകാര്യതയും തന്നെയാണ് ഇതിനു പിന്നില്‍. അവസാനം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ തന്നെ പത്തനംതിട്ടയിലെത്തി പാര്‍ട്ടി നവീന്റെ കുടുംബത്തോടൊപ്പം എന്ന് പ്രഖ്യാപിച്ച് വിവാദം തണുപ്പിക്കാനുളള ശ്രമവും നടത്തി.

പത്തനംതിട്ട സിപിഎമ്മിന്റെ സമ്മര്‍ദ്ദം ഒന്നുകൊണ്ട് തന്നെയാണ് പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉണ്ടായതും. എന്നാല്‍ കേസ് അട്ടിമറിക്കുന്നതിന് അടക്കം നടന്ന നീക്കങ്ങളില്‍ പത്തനംതിട്ട ഘടകത്തില്‍ ഇപ്പോഴും എതിര്‍പ്പുകളുണ്ട്. നേതൃത്വങ്ങള്‍ക്കെതിരായ അമര്‍ഷം ഇപ്പോള്‍ പലരീതിയില്‍ പുറത്തു വരികയാണ്. ഇതാണ് ജില്ലാ കമ്മറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വീഡിയോ ഇടുന്നതില്‍ അടക്കം എത്തിയിരിക്കുന്നത്.

‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണത്തിലാണ് പേജിന്റെ അഡ്മിന്മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നത്. ഇതോടെ അഡ്മിന്‍ പാനല്‍ തന്നെ അഴിച്ചു പണിഞ്ഞു. വീഡിയോ ഇട്ടെന്ന് സംശയിക്കുന്നയാളെ ഉള്‍പ്പെടെ പുറത്താക്കിയാണ് പുതിയ പാനല്‍ രൂപീകരിച്ചത്.

സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയുന്നതല്ല പത്തനംതിട്ടയില്‍ നടന്നത്. എന്നാല്‍ ഇക്കാര്യം തുറന്ന് സമ്മതിക്കാതെ പരിഹരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. പേജ് ഹാക്ക് ചെയ്‌തെന്ന് ജില്ലാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ഇത് ഉന്നതതലത്തില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top