ഡിവൈഎഫ്‌ഐ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗുണ്ട ഇഡ്ഡലി ശരണിനെ കാപ്പ പ്രകാരം നാടുകടത്തി; ‘ശരിയുടെ പക്ഷത്ത്’ എത്തിയിട്ടും ഗുണ്ടാ പരിപാടിക്ക് കുറവില്ല
![](https://www.madhyamasyndicate.com/wp-content/uploads/2025/02/cpm-idali-saran.jpg)
പത്തനംതിട്ടയിലെ ഡിവൈഎഫ്‌ഐ നേതാവും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി ശരണ്‍ എന്ന ശരണ്‍ ചന്ദ്രനെ കാപ്പ നിയമപ്രകാരം നാടുകടത്തി. ഒരു വര്‍ഷത്തേക്കാണ് നാട് കടത്തിയത്. ബിജെപി വിട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇയാള്‍ സിപിഎമ്മില്‍ ചേര്‍ന്നത്. 63 ബിജെപി പ്രവര്‍ത്തകരാണ് ശരണിനൊപ്പം സിപിഎമ്മില്‍ ചേര്‍ന്നത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഇയാളെയും സംഘാംഗങ്ങളേയും മാലയിട്ട് ആഘോഷപൂര്‍വ്വം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സിപിഎമ്മിലേക്ക് എത്തിയതോടെ അവര്‍ ശരിയുടേയും നവീകരണത്തിന്റെയും പാതയിലാണെന്നാണ് വീണ ജോര്‍ജ് ഈ നടപടിയെ ന്യായീകരിച്ചത്. സിപിഎമ്മില്‍ ചേര്‍ന്ന ശേഷവും കഞ്ചാവുകടത്തിലും അടിപിടിക്കേസിലും പ്രതിയായി.
ശരണ്‍ ചന്ദ്രനെ മലയാലപ്പുഴ ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ തല അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിയായിരുന്നു ഇയാള്‍. ആര്‍എസ്എസ്സിന് വേണ്ടിയാണ് ശരണ്‍ ചന്ദ്രന്‍ കേസുകളില്‍ പ്രതിയായതെന്നും പൊതു പ്രവര്‍ത്തകര്‍ക്കെതിരെ എടുക്കേണ്ട കേസല്ല കാപ്പയെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ മുന്‍സെക്രട്ടറി കെപി ഉദയഭാനു അക്കാലത്ത് പറഞ്ഞ ന്യായീകരണം. അതേ പ്രതിയെ ആണ് വീണ്ടും കാപ്പ നിയമം പ്രയോഗിച്ച് നാടുകടത്തിയത്.
![whatsapp-chats](https://www.madhyamasyndicate.com/wp-content/themes/Nextline_V5/images/whatsapp-chats.png)
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here