പാര്‍ട്ടി വിടുമെന്ന് 400 ഓളം സഖാക്കള്‍; പയ്യന്നൂരിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്
സിപിഎം സമ്മേളനകാലത്ത് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പൊട്ടിത്തെറി. നേതൃത്വത്തിനോടുള്ള പ്രതിഷേധം കാരണം നാനൂറോളം പേര്‍ പാര്‍ട്ടി വിടാനുള്ള ഒരുക്കത്തിലാണ്. പ്രതിസന്ധി തുടരുന്നതിനാല്‍ കാര നോർത്ത്,കാര സൗത്ത്, കാര വെസ്റ്റ് എന്നീ ബ്രാഞ്ചുകളിലെ സമ്മേളനവും നീട്ടിവെച്ചിരിക്കുകയാണ്.
മാസങ്ങളോളമായി കാരയില്‍ പ്രവര്‍ത്തനം മുടങ്ങിയ അവസ്ഥയിലാണ്. സംസ്ഥാന നേതൃത്വം ഇടപെട്ടുവെങ്കിലും പ്രശ്നപരിഹാരം വന്നില്ല. രണ്ട് തവണയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ബ്രാഞ്ച് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയില്‍ തീര്‍പ്പ് വന്നില്ല. പാര്‍ട്ടി സമ്മേളനം കൂടി മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയാണ് പയ്യന്നൂരില്‍ സിപിഎം നേരിടുന്നത്.
പുതുവത്സരാഘോഷത്തിനിടെയുള്ള പ്രശ്നങ്ങളാണ് പൊട്ടിത്തെറിയില്‍ എത്തിച്ചത്. കാരപ്രദേശത്തെ പാർട്ടി പ്രവർത്തകരെ മറ്റൊരു പ്രദേശത്തെ പ്രവർത്തകർ അക്രമിച്ചു. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ആക്രമിച്ചവര്‍ക്ക് ഒപ്പം നിന്നു എന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഇതോടെയാണ് മൂന്ന് ബ്രാഞ്ചുകളിലെ പ്രവർത്തകരും അനുഭാവികളും പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്.
കാരയില്‍ ആക്രമണം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് അംഗങ്ങളും അനുഭാവികളും ഉൾപ്പെടെ 340 പേർ ഒപ്പിട്ട പരാതി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കിയിരുന്നു. നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പു നൽകിയെങ്കിലും ശാസനയിലും താക്കീതിലും ഒതുക്കാനുള്ള നീക്കമെന്ന് വന്നതോടെയാണ് കാരയിലുള്ളവര്‍ പ്രതിഷേധം കടുപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here