പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാര്‍; 10 പ്രതികളെ വെറുതെ വിട്ടു
കാസര്‍കോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ 14 പ്രതികള്‍ കുറ്റക്കാര്‍ എന്ന് സിബിഐ കോടതി. സിപിഎം നേതാക്കൾ പ്രതികളായ കേസിലാണ് പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ടുവരെ പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം തെളിഞ്ഞതായും കോടതി പറഞ്ഞു.
കേസില്‍ ഒന്ന് മുതല്‍ എട്ടുപ്രതികള്‍ക്ക് കൊലയില്‍ നേരിട്ട് പങ്കുണ്ടെന്നാണ് കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞത്. ഇത് കോടതി ശരിവയ്ക്കുകയാണ് ചെയ്തത്. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ യഥാക്രമം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം പീതാംബരൻ, കൃത്യം നടത്തിയ സജി ജോർജ്, കെ.എം.സുരേഷ്, കെ.അനിൽ കുമാർ, ജിജിൻ, ആര്‍.ശ്രീരാഗ്, എ.അശ്വിൻ, സുബീഷ് എന്നിവരാണ്.
ടി. രഞ്ജിത്ത്, കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ.സുരേന്ദ്രന്‍ (വിഷ്ണു സുര), കെ.വി.കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെ. വി. ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.
മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉള്‍പ്പെടെ 24 പ്രതികളാണ് ഉള്ളത്. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്തപ്പോള്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തി.
2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊല. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും(23) കൃപേഷിനെയും(19) കല്യോട്ട് റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചു. അന്വേഷണത്തില്‍ തൃപ്തിയില്ലാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം റദ്ദു ചെയ്‌തു സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ഇതിനെതിരായ അപ്പീലിൽ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി കൂടി തള്ളിയതോടെ സിബിഐഅന്വേഷണം ഏറ്റെടുത്തു. വിധി മുൻനിർത്തി കാസര്‍കോട് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here