രണ്ട് യുവാക്കളെ വെട്ടിനുറുക്കിയ സിപിഎമ്മുകാരെ രക്ഷിക്കാന്‍ ചിലവഴിച്ചത് ലക്ഷങ്ങള്‍; പിണറായി സര്‍ക്കാര്‍ കണക്ക് പറയണം ഈ പണത്തിന്

കാസര്‍കോട്‌ പെരിയയില്‍ രണ്ട് യുവാക്കളെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ രാത്രിയുടെ മറവില്‍ വെട്ടിനുറുക്കി കൊന്ന കൊലപാതികകളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ ചിലവഴിച്ചത് 97 ലക്ഷം രൂപയാണ്. ഹൈക്കോടതിയില്‍ കേസ് നടത്താന്‍ മാത്രമാണ് ഇത്രയും തുക ചിലവഴിച്ചിരിക്കുന്നത്. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം സിപിഎമ്മിനെ ഇത്രത്തോളം സമ്മര്‍ദ്ദത്തിലാക്കിയ കേസില്ല. വര്‍ഷങ്ങളായി കുത്തകയായിരുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലവും സിപിഎമ്മിന് നഷ്ടമായി എന്നതാണ് ഈ അരുംകൊലകളുടെ ബാക്കിപത്രം.

എന്നാല്‍ രാഷ്ട്രീയ നഷ്ടങ്ങളെക്കാള്‍ സിപിഎമ്മിനെ വേട്ടയാടുക സിബിഐ അന്വേഷണം എന്ന ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടംബത്തിന്റെ ആവശ്യത്തെ പിണറായി സര്‍ക്കാര്‍ നേരിട്ട രീതിയാണ്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ആദ്യ ദിവസം തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രതിരോധിക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും ജനവികാരം ഉയര്‍ന്നതോടെ രണ്ടാം ദിവസം കേസിലെ ഒന്നാം പ്രതിയും സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമായ എ പീതാംബരന്‍ അറസ്റ്റിലായി. പിന്നാലെ രണ്ടാം പ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ ജോര്‍ജും. പ്രതിഷേധം കടുത്തതോടെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് അഞ്ച് സിപിഎം പ്രവര്‍ത്തകരേയും ഏരിയാ സെക്രട്ടറി അടക്കമുളളവരേയും അറസ്റ്റ് ചെയ്തു. ഹോസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രവും നല്‍കി. എന്നാല്‍ കുടുംബം ഇതില്‍ തൃപ്തരായില്ല. ഇതോടെയാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ഉയര്‍ന്നത്.

കൊലയാളികളെ സംരക്ഷിക്കില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ പക്ഷേ സിബിഐ അന്വേഷണം എന്ന ആവശ്യം പരിഗണിച്ചില്ല. ഇതോടെ ശരത്‌ലാലിന്റേയും കൃപേഷിന്റേയും കുടുംബം ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ വേട്ടക്കാരുടെ റോളിലാണെന്ന കാര്യം വ്യക്തമായത്. കുടുംബത്തിന്റെ സിബിഐ അന്വേഷണം എന്ന ആവശ്യത്തെ ഹൈക്കോടതിയില്‍ എതിര്‍ക്കാന്‍ സര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകര്‍ പറന്നെത്തി. പലഘട്ടങ്ങളിലായി മുതിര്‍ന്ന അഭിഭാഷകരായ മനീന്ദര്‍ സിങ്, പ്രബാസ് ബജാജ്, രഞ്ജിത്ത് കുമാര്‍, രവി പ്രകാശ് എന്നിവര്‍ ഹൈക്കോടതിയില്‍ എത്തി. വക്കീല്‍ ഫീസിനത്തിലും യാത്രചിലവ്, താമസം എന്നിവയ്ക്കുമായി 97 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്നും ചിലവഴിച്ചത്. കൃത്യമായി പറഞ്ഞാല്‍ 97,17,359 രൂപ.

മനീന്ദര്‍ സിങിന് വക്കീല്‍ ഫീസായി 60 ലക്ഷം രൂപയും 2,18,495 രൂപ താമസം യാത്രക്കൂലി എന്നിവക്കായി സര്‍ക്കാര്‍ നല്‍കി. പ്രബാസ് ബജാജിന് 3 ലക്ഷം രൂപയും രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയും ഫീസായി നല്‍കി. എന്നാല്‍ ഇത്രയും പണം ചിലവഴിച്ചിട്ടും ഹൈക്കോടതി മുതല്‍ സുപ്രീംകോടതിയില്‍ വരെ സര്‍ക്കാര്‍ തോറ്റു. കേസ് അന്വേഷിക്കാന്‍ സിബിഐ എത്തുകയും ചെയ്തു. ഇത്രയും പണം സര്‍ക്കാര്‍ മുടക്കിയത് എന്തിന് എന്നതിനുള്ള ഉത്തരമാണ് മുന്‍ എംഎല്‍എ അടക്കമുളള സിപിഎം നേതാക്കള്‍ കുറ്റക്കാര്‍ എന്നുള്ള കോടതി വിധി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top