‘സി.പി.എം പാലസ്തീന്‍ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു; ലീഗിന്റെ തീരുമാനത്തിൽ അഭിമാനം’- വി.ഡി.സതീശൻ

മലപ്പുറം: പാലസ്തീന്‍ വിഷയത്തിന്റെ ഗൗരവം തന്നെ സി.പി.എം ചോര്‍ത്തിക്കളഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമിച്ചത്. അവര്‍ക്ക് പാലസ്തീനല്ല, ലീഗാണ് വിഷയം. വലിയൊരു വിഷയത്തെ വിലകുറഞ്ഞ രീതിയിലാണ് സി.പി.എം സമീപിക്കുന്നത്. പാലസ്തീന്‍ വിഷയത്തെ രാഷ്ട്രീയമാക്കി, യു.ഡി.എഫില്‍ എന്തോ കുഴപ്പമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിന് കൃത്യമായി മറുപടിയാണ് ലീഗ് നല്‍കിയിരിക്കുന്നത്. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് സന്തോഷവും അഭിമാനവുമുണ്ട്. കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഇല്ലെന്നാണ് ലീഗ് പറഞ്ഞത്. പരിപാടി നടത്തുന്നതിന്റെ കാരണത്തോട് ലീഗിനും കോണ്‍ഗ്രസിനും വിരോധമില്ല. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസമുള്ള ഒരു പഞ്ചായത്ത് പോലും മലപ്പുറം ജില്ലയിലില്ലെന്നും വി.ഡി.സതീശൻ വ്യക്തമാക്കി.

പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് സ്വാഭാവിക കാര്യം മാത്രമാണെന്നും, മലപ്പുറത്ത് കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടക്കുന്ന സാഹചര്യത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളുമായി ആശയവിനിമയം നടത്തുകയാണ് ലക്ഷ്യമെന്നും സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top